ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയുടെ കറന്റ് അക്കൗണ്ടിൽ 570 കോടി ഡോളറിന്റെ മിച്ചം
കൊച്ചി: ജനുവരി മുതൽ മാർച്ച് വരെ സേവനങ്ങളുടെ കയറ്റുമതിയുടെ മികവിൽ 570 കോടി ഡോളർ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 130 കോടി ഡോളറിറായിരുന്നു. വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും കറന്റ് അക്കൗണ്ടിൽ മിച്ചം നേടാൻ സഹായിച്ചു. വിദേശ വ്യാപാരത്തിൽ ചെലവ് കുറഞ്ഞ് വരവ് കൂടിയതോടെയാണ് മൊത്തം കറന്റ് അക്കൗണ്ടിൽ 0.6 ശതമാനം മെച്ചം നേടാനായയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 870 കോടി ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കറന്റ് അക്കൗണ്ട് കമ്മി ഇതോടെ 2320 കോടി ഡോളറായി താഴ്ന്നു. ഇന്ത്യൻ സാമ്പത്തിക മേഖല മികവിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
റിസർവ് ബാങ്ക് വിദേശത്തെ സ്വർണ ശേഖരം കുറയ്ക്കുന്നു
കൊച്ചി: റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിക്കുന്ന സ്വർണത്തിന്റെ അളവ് ആറ് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. മൊത്തം സ്വർണ ശേഖരത്തിന്റെ 47 ശതമാനം മാത്രമാണ് നിലവിൽ വിദേശത്തുള്ളത്. അതേസമയം റിസർവ് ബാങ്കിന്റെ ആഭ്യന്തര സ്വർണ ശേഖരം കുത്തനെ കൂടുകയാണ്. റഷ്യയും ഉക്രെയിനുമായുള്ള യുദ്ധം ആരംഭിച്ച 2022ന് ശേഷമാണ് റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ വിദേശ നാണയ ശേഖരം അമേരിക്ക മരവിപ്പിച്ചതോടെ വിദേശത്ത് സ്വർണം ഉൾപ്പെടെയുള്ള ആസ്തികൾ സൂക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ മടിക്കുകയാണ്.
കഴിഞ്ഞ മാസം യു.കെയിൽ നിന്ന് നൂറ് ടൺ സ്വർണം റിസർവ് ബാങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. മാർച്ച് 31വരെയുള്ള കണക്കുകൾ അനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശം 822.1 ടൺ സ്വർണമാണുള്ളത്. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ സൂക്ഷിക്കുന്ന സ്വർണ ശേഖരത്തിന്റെ അളവ് 39 ശതമാനത്തിൽ നിന്ന് 53 ശതമാനമായാണ് ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |