ഇന്റേണൽ മാർക്ക് 40% ഓപ്പൺ ബുക്ക് പരീക്ഷ
ന്യൂഡൽഹി:സി.ബി. എസ്. ഇ വിദ്യാർത്ഥികൾക്ക് ആശ്വാസമായി 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും സിലബസ് 15% കുറയ്ക്കും. 2025 അദ്ധ്യയന വർഷം തന്നെ നടപ്പാക്കും. ഇന്റേണൽ അസസ്‌മെന്റ് മാർക്ക് 40% ആയി വർദ്ധിപ്പിക്കും. ഫൈനൽ എഴുത്തു പരീക്ഷയ്ക്ക് 60% മാർക്ക്. ഇംഗ്ലീഷ് സാഹിത്യം, സോഷ്യൽ സയൻസ് തുടങ്ങിയ തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് പുസ്‌തകം നോക്കി പരീക്ഷ എഴുതുന്ന ഓപ്പൺ ബുക്ക് എക്സാം നടപ്പാക്കും.
പ്രോജക്‌ട്, അസൈൻമെന്റ്, പീരിയോഡിക് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്ന ഇന്റേണൽ അസസ്‌മെന്റിനാണ് (നിരന്തര മൂല്യനിർണയം) കൂടുതൽ ഊന്നൽ. നിലവിൽ 10-ാം ക്ളാസിൽ 20 ശതമാനവും 12ൽ 30 ശതമാനവുമാണ് ഇന്റേണൽ മാർക്ക്. ഒാപ്പൺ ബുക്ക് പരീക്ഷയിൽ കാണാതെ പഠിക്കുന്നതിന്റെ ഓർമ്മശക്തി പരിശോധിക്കുന്ന പരീക്ഷാരീതിയാണ് മാറുന്നത്. ഓർമ്മശക്തിയെ മാത്രം ആശ്രയിക്കാതെ വിശകലനം, വ്യാഖ്യാനം, പ്രായോഗിക ജ്ഞാനം എന്നിവയിൽ കുട്ടികളുടെ ശേഷി വിലയിരുത്താം.
ഇൻഡോറിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ സി. ബി.എസ്. ഇ അറിയിച്ചതാണിത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാനും വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും സിലബസിലും പരീക്ഷാ മൂല്യനിർണയത്തിലും സുപ്രധാന മാറ്റങ്ങളാണ് വരുന്നത്.
മറ്റ് പരിഷ്‌കാരങ്ങൾ
പ്രായോഗിക വിജ്ഞാനം
2025ൽ ഏകദേശം 50% ചോദ്യങ്ങളും പ്രായോഗിക അറിവും നൈപുണ്യ വിദ്യാഭ്യാസവും അടിസ്ഥാനമാക്കി. തിയറി പഠനത്തേക്കാൾ അറിവുകൾ പ്രയോഗിക്കാനുള്ള ശേഷി നിർണയിക്കുന്നതിന് മുൻതൂക്കം.
വിഷയങ്ങൾ മനഃപാഠമാക്കുന്ന പരമ്പരാഗത രീതിക്ക് പകരം വിമർശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവുകളും പരിപോഷിപ്പിക്കും.
ഡിജിറ്റൽ മൂല്യനിർണയം
തെറ്റുകൾ ഒഴിവാക്കി മൂല്യ നിർണയം സുതാര്യമാക്കാനും ഗ്രേഡിംഗ് കൃത്യമാക്കാനും തിരഞ്ഞെടുത്ത വിഷയങ്ങളിൽ ഉത്തരക്കടലാസിന്റെ ഡിജിറ്റൽ മൂല്യനിർണയം തുടരും.
വിശകലന ശേഷി
മനഃപാഠമാക്കുന്നതിനു പകരം വിശകലന കഴിവുകൾക്കും ആശയങ്ങൾ മനസിലാക്കുന്നതിനും ഊന്നൽ. ജീവിതത്തിൽ അറിവ് പ്രയോഗിക്കാനുള്ള കഴിവ് വളർത്തും.
രണ്ടു ബോർഡ് പരീക്ഷകൾ
2025ൽ 10, 12 ക്ലാസുകളിൽ ഒറ്റ ടേം പരീക്ഷ നിലനിറുത്തും. 2025-2026 മുതൽ രണ്ടു ബോർഡ് പരീക്ഷകൾ. ഒറ്റ ബോർഡ് പരീക്ഷയുടെ സമ്മർദ്ദം ഒഴിവാക്കാം. പഠനം കൂടുതൽ കാര്യക്ഷമമാകും. മാർക്കും പ്രകടനവും മെച്ചപ്പെടുത്താൻ കൂടുതൽ അവസരങ്ങൾ. വർഷം മുഴുവൻ പഠന പുരോഗതി അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |