തിരുവനന്തപുരം: സർക്കാരിനെ ഞെട്ടിച്ച് ആറ് സർവകലാശാലകളിൽ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മറ്റ് ആറ് വാഴ്സിറ്റികളിൽ കൂടി വി.സിമാരെ നിയമിക്കാൻ നടപടി തുടങ്ങി.
കേരള, സാങ്കേതികം, ഫിഷറീസ്, എം.ജി, കാർഷികം, മലയാളം വി.സിമാരെ നിയമിക്കാനാണ് വെള്ളിയാഴ്ച രാത്രി ഗവർണർ വിജ്ഞാപനമിറക്കിയത്. സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തതിനാൽ ഇവിടങ്ങളിൽ ചാൻസലറുടെയും യു. ജിസിയുടെയും പ്രതിനിധികൾ മാത്രമുള്ള സെർച്ച് കമ്മിറ്റികളാണ് രൂപീകരിച്ചത്.
സമാനമായി, കണ്ണൂർ, ഓപ്പൺ, സംസ്‌കൃതം, കുസാറ്റ്, ഡിജിറ്റൽ, കാലിക്കറ്റ് വി.സിമാരെയും നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് യു.ജി.സി പ്രതിനിധികളെ ഗവർണർ ആവശ്യപ്പെട്ടു.
ഡിജിറ്റൽ, കാലിക്കറ്റ് വി.സിമാർ കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്കായിരിക്കും നിയമനം. കുസാറ്റ് സെർച്ച് കമ്മിറ്റിയിലേക്ക് യു.ജി.സി നൽകിയ കേന്ദ്ര വാഴ്സിറ്റി വി.സി വിരമിച്ചതിനാലാണ് പുതിയ അംഗത്തെ തേടിയത്.
എല്ലായിടത്തും വി.സി നിയമനത്തിന് സെനറ്റ് / സിൻഡിക്കേറ്റ് പ്രതിനിധിയെ ഗവർണർ പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. അതിനാലാണ് ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സ്വന്തം സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.
നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്നും സർക്കാരിന് ഒരുപങ്കുമില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. സെർച്ച് കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധമായി വേണ്ടത്. അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ല. സർവകലാശാലാ നിയമപ്രകാരമാണ് വാഴ്സിറ്റി പ്രതിനിധി വേണ്ടത്. തർക്കമുള്ളതിനാൽ യു.ജി.സി നിയമമാവും നിലനിൽക്കുകയെന്നാണ് ഗവർണർ വിലയിരുത്തുന്നത്. വി.സി നിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുമുണ്ട്.
ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അടക്കം പ്രഗത്ഭരെ ഉൾപ്പെടുത്തിയാണ് സെർച്ച് കമ്മിറ്റികൾ ഉണ്ടാക്കിയതെന്ന് ഗവർണർ ഹൈക്കോടതിയെ അറിയിക്കും.
മൂന്ന് മാസത്തിനകം നിയമനം
3 മാസത്തിനകം വി.സിമാരെ നിയമിക്കാനാണ് ഗവർണറുടെ നിർദ്ദേശം. സെപ്തംബറിലാണ് ഗവർണറുടെ കാലാവധി തീരുന്നത്.
സെർച്ച് കമ്മിറ്റി ചേരാനും അംഗങ്ങളുടെ യാത്രയ്ക്കുമടക്കം സൗകര്യങ്ങൾ ഒരുക്കാൻ വി.സിമാർക്ക് ഗവർണർ ഇന്നലെ നിർദ്ദേശം നൽകി.
അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കേണ്ടതും സെർച്ച് കമ്മിറ്റിയുടെ ചെലവുകൾ വഹിക്കേണ്ടതും വാഴ്സിറ്രികളാണ്.
വി.സിയില്ലാത്ത
വാഴ്സിറ്റികൾ
കാർഷികം--------------2022ഒക്ടോബർ
സാങ്കേതികം----------2022ഒക്ടോബർ
കേരള--------------------2022ഒക്ടോബർ
ഫിഷറീസ്----------------2022നവംബർ
മലയാളം-----------------2023ഫെബ്രുവരി
കുസാറ്റ്------------------2023ഏപ്രിൽ
എം.ജി--------------------2023മേയ്
കണ്ണൂർ-------------------2023ഡിസംബർ
ഓപ്പൺ-------------------2024ഫെബ്രുവരി
സംസ്കൃതം----------------2024മാർച്ച്
വെറ്ററിനറി---------------2024മാർച്ച്
(സസ്പെൻഷൻ)
ചുമതലയെന്ന് ഗവർണർ,
കടന്നുകയറ്റമെന്ന് മന്ത്രി
തിരുവനന്തപുരം: ആറ് വി.സിമാരെ നിയമിക്കാൻ വിജ്ഞാപനമിറക്കിയത് തന്റെ ചുമതലയാണെന്നും ജോലി ചെയ്യുന്നത് തടയാനാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തതിനാലാണ് താൻ മുന്നോട്ടുപോയത്. കേരള വാഴ്സിറ്റിയോട് ആറുവട്ടം ആവശ്യപ്പെട്ടു. പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാരിന്റെ നിർദ്ദേശം. സിൻഡിക്കേറ്റുകൾക്ക് കോടതിയിൽ പോകാനും ചാൻസലർക്ക് സെർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശമുണ്ട്.
അതേസമയം, ഗവർണറുടെ നീക്കം ജനാധിപത്യത്തിന് മീതെയുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി ആർ ബിന്ദു ആരോപിച്ചു. അതിന്റെ നിയമസാധുത സർക്കാർ പരിശോധിക്കും. ചാൻസലറുടെ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസമാണ്. മെറിറ്റ് നോക്കാതെയാണ് നോമിനേഷൻ. എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചിലരെ നോമിനേറ്റ് ചെയ്യുന്നു. കാവിവൽക്കരണത്തെ നിയമപരമായി പ്രതിരോധിക്കും. ചാൻസലർമാരിലൂടെ ഉന്നത വിദ്യാഭ്യാസത്തിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഗവർണർ ഡൽഹിയിൽ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഡൽഹിയിലേക്ക് പോയി. ഉത്തരേന്ത്യയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ജൂലായ് നാലിന് തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |