
ന്യൂഡൽഹി: ഡിജിറ്റൽ,സാങ്കേതിക സർവകലാശാലകളിൽ നിയമിക്കേണ്ട വി.സിമാരുടെ കാര്യത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ നേരിട്ടു നിയമനം നടത്തുമെന്ന് സുപ്രീംകോടതി. തമ്മിൽതല്ല് തുടരുകയാണെങ്കിൽ കോടതി ഇടപെടൽ മാത്രമാണ് പോംവഴി. അതു ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മെരിറ്റുള്ളവരെയാണ് നിയമിക്കേണ്ടതെന്ന് നിരീക്ഷിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയ്‌ക്കകം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തണമെന്നാണ് അന്ത്യശാസനം . ഡിസംബർ 11ന് ആദ്യകേസായി പരിഗണിക്കും. സമവായമില്ലെങ്കിൽ അന്ന് ഉത്തരവിറക്കിയേക്കും.
ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാല വി.സിയായും ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റൽ സർവകലാശാല വി.സിയായും നിയമിക്കാനാണ് ഗവർണർക്ക് താത്പര്യം.
ഡിജിറ്റൽ സർവകലാശാല വി.സിയായി ഡോ. സജി ഗോപിനാഥിനെയും സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സി. സതീഷ് കുമാറിനെയുമാണ് മുഖ്യമന്ത്രി നിർദേശിക്കുന്നത്.
രണ്ടു സർവകലാശാലകളിലെയും വി.സി നിയമനത്തിന് ജസ്റ്റിസ് സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികൾ കൈമാറിയ രണ്ടു പട്ടികകളിലും ഇടംപിടിച്ചവരെയാണ് ഗവർണർ തിരഞ്ഞെടുത്തതെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ചൂണ്ടിക്കാട്ടി. ഇതു തന്നെ ഇരുവരുടെയും മെരിറ്റിനുള്ള അംഗീകാരമാണ്. മുഖ്യമന്ത്രി ആ പേരുകൾ അംഗീകരിക്കുന്നില്ലെന്ന് അറ്റോർണി ജനറൽ അറിയിച്ചു. ഏതു പേരാണോ മുഖ്യമന്ത്രിക്ക് സ്വീകാര്യമല്ലാത്തത്, ആ പേര് മാത്രമാണ് ഗവർണർക്ക് സ്വീകാര്യമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വാദിച്ചു.
സിസയുടെ കാര്യത്തിൽ
ഇരുവർക്കും കടുംപിടിത്തം
#രണ്ടു സർവകലാശാലകളിലേക്കുമുള്ള പട്ടികയിൽ സിസയുടെ പേരുണ്ടെങ്കിലും ശുപാർശ ചെയ്യാനാകില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി. സിസയ്‌ക്ക് നേതൃഗുണമില്ലെന്നും പോസിറ്റീവ് മനോഭാവമുള്ള വ്യക്തിയെയാണ് വി.സിയായി നിയമിക്കേണ്ടതെന്നും വരെ ഗവർണർക്ക് കൈമാറിയ ഫയലിൽ എഴുതി.
# എന്നാൽ, ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ സിസയുടെ പ്രവർത്തനം സമർപ്പണ മനോഭാവത്തോടെയും സത്യസന്ധതയോടെയുമായിരുന്നുവെന്നാണ് ഗവർണർ സാക്ഷ്യപ്പെടുത്തുന്നത്.
# ഇരുവരും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ, കോടതി നിയമനം നടത്തേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സുപ്രീംകോടതി നിയമന ഉത്തരവിറക്കുന്നതിൽ എതിർപ്പില്ലെന്ന് ഗവർണറും സർക്കാരും ഇന്നലെ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |