തിരുവനന്തപുരം; സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ എംബസി അറ്റസ്റ്റേഷനായി സമർപ്പിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനിടെ നോർക്ക റൂട്ട്സിന്റെ വ്യാജസീൽ പതിപ്പിച്ചത് കണ്ടെത്തി. 2019 ൽ നോർക്ക അറ്റസ്റ്റ് ചെയ്തതായി സൂചിപ്പിക്കുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലാണിത്. തുടർ നിയമ നടപടികൾക്കായി പൊലീസിനും സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കുന്നതിന് യൂണിവേഴ്സിറ്റിക്കും കൈമാറി.
. അംഗീകൃതമല്ലാത്ത ഏജൻസികളും ഇടനിലക്കാരും വഴി ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സംസ്ഥാനത്തുനിന്നുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര,കേരള ഗവൺമെന്റുകൾ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നോർക്ക റൂട്ട്സ്.
വിദ്യാഭ്യാസ വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷൻ, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ, അപ്പൊസ്‌റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്ട്സ് വഴി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ അല്ലെങ്കിൽ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോർക്ക റൂട്ട്സ് ഓഫീസുകളിൽ നിന്നും മേൽപറഞ്ഞ സേവനങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |