തിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചാലിബ് പതിനായിരം രൂപ എടിഎമ്മിൽ നിന്ന് പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.
ചാലിബ് രാവിലെ ഭാര്യയെ വിളിച്ചിരുന്നു. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്നും തിരിച്ചുവരുമെന്നും പറഞ്ഞു. അദ്ദേഹം ഒറ്റയ്‌ക്കാണ് ഉള്ളതെന്നാണ് വിവരം. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ചാലിബ് ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.
രാത്രി പതിനൊന്ന് മണിയായിട്ടും കാണാത്തതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അർദ്ധരാത്രി 12.18ന് ഓഫായ ഫോൺ, ഇന്നലെ രാവിലെ 6.55ന് കുറച്ച് സമയം ഓണായിരുന്നു. ഇതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്തായിരുന്നു. രാത്രിയും ഫോൺ ഓണായി. മൊബൈൽ ടവർ ലൊക്കേഷൻ ഉടുപ്പിയിലായിരുന്നു.
'കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയാണെന്ന് ചാലിബിന് മെസേജ് അയച്ചിരുന്നു. ഈ സമയം അദ്ദേഹം ഓൺലൈനിൽ ഉണ്ടായിരുന്നു. മെസേജ് കണ്ടയുടനാണ് ഫോൺ സ്വിച്ച് ഓഫായത്. ശേഷം ഇന്നലെ രാവിലെ 6.55നാണ് ഫോൺ ഓണായത്. പിന്നെയും ഓഫായി. രാത്രിയും ഇന്ന് രാവിലെയും ഫോൺ ഓണായിരുന്നു.'- ബന്ധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |