ഇപ്പോൾ മിക്കയാളുകളും സിനിമയടക്കമുള്ള വിനോദ ഉപാധികൾ കാണാൻ ഒടിടിയെയാണ് ആശ്രയിക്കുന്നത്. ഹിറ്റ് ചിത്രങ്ങൾ തീയേറ്ററിൽ വന്ന് കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ പല മലയാള ചലച്ചിത്രങ്ങളും വാങ്ങാൻ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അത്തരത്തിൽ അടുത്തിടെ പുറത്തിറങ്ങിയ നടൻ ദിലീപിന്റെ ചില ചിത്രങ്ങൾ ഒരു ഒടിടി പ്ലാറ്റ്‌ഫോമും വാങ്ങിയില്ലെന്നാണ് വിവരം. 'ദിലീപ് നായകനായെത്തിയ 'പവി കെയർടേക്കർ', 'ബാന്ദ്ര', 'തങ്കമണി' എന്നീ ചിത്രങ്ങളുടെ വിവരമൊന്നുമില്ല. ഏപ്രിൽ 26നാണ് പവി കെയർ ടേക്കർ റിലീസായത്. മാർച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. അതിലും എത്രയോ മാസങ്ങൾക്ക് മുമ്പാണ് തമന്ന അഭിനയിച്ച ബാദ്ര റിലീസായത്.
തീയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ് ഇവ മൂന്നും. ഇതിൽ ബാന്ദ്ര ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസാകുമെന്ന രീതിയിൽ ഡിസംബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നെ അതിനെപ്പറ്റി വിവരമൊന്നുമില്ല. നിലവിൽ ഈ ചിത്രങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലും ലഭ്യമല്ല.
അതേസമയം, ദിലീപിനെ തകർക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്ന് സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"സിനിമകൾ മോശമായതുകൊണ്ടാണ് പരാജയപ്പെട്ടത്, കേസ് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഒരാളുടെ മനസമാധാനം നഷ്ടപ്പെടുത്തി, ജീവിതം തകർത്തുകഴിയുമ്പോൾ സ്വാഭാവികമായും ശ്രദ്ധ പാളിക്കൊണ്ടിരിക്കും. ഈ കേസിൽ നിന്ന് പുള്ളിയെ കുറ്റവിമുക്തനാക്കിയാൽ പുള്ളിക്ക് നഷ്ടപ്പെട്ട വർഷങ്ങൾ ആര് തിരിച്ചുകൊടുക്കും"- എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |