
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള പരാമർശിക്കുന്ന 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ വീണ്ടും ട്വിസ്റ്റ്. പാട്ടിനെതിരെ പരാതി നൽകിയ ആൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതി നൽകിയത്. ഇപ്പോഴിതാ ഇയാൾക്കെതിരെ പൊതുപ്രവർത്തകനായ കുളത്തൂർ ജയ്‌സിംഗ് പരാതി നൽകിയിരിക്കുകയാണ്. കുഴിക്കാലയുടെ സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
പാട്ടിനെതിരായുള്ള പ്രശാന്തിന്റെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി ചെയർമാൻ കെ ഹരിദാസ് നേരത്തെ രംഗത്തുവന്നിരുന്നു. തങ്ങളുടെ സംഘടനയിൽ നിന്ന് പുറത്തുപോയ ആളാണ് പ്രശാന്തെന്നും പുതിയ സംഘടന രൂപീകരിച്ചുവെന്നും ഹരിദാസ് ആരോപിച്ചു.
ഒരുപേരിൽ ഒരു സംഘടനയ്ക്കുമാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും പ്രശാന്തിന്റെ സംഘടനയ്ക്ക് അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ജയ്‌സിംഗ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി മുഖ്യമന്ത്രി ഐജിക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |