കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഎം യുവനേതാവിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് വിവരം. ഇയാളെ സിപിഎം, സിഐടിയു ഭാരവാഹിത്വങ്ങളിൽ നിന്നും നീക്കും. ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ കമ്മിഷനെയും സിപിഎം നിയമിച്ചു.
ഹോമിയോ ഡോക്‌ടർമാരായ ദമ്പതികളാണ് പി എസ് സി അംഗത്വത്തിന് പ്രമോദ് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ടത്. വനിതാ ഡോക്‌ടർക്കായി ഭർത്താവാണ് തുക നൽകിയത്. 20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകൾക്കുമാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 60 ലക്ഷം രൂപനൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു പ്രമോദിന്റെ വാഗ്‌ദാനം.
പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല പിന്നാലെ ആയുഷ് മിഷനിൽ ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തെങ്കിലും നടന്നില്ല ഇതോടെയാണ് ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്‌ദസന്ദേശവും പരാതിക്കൊപ്പം പാർട്ടിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പല ഉന്നത ഇടത് നേതാക്കളുമായും അടുത്തബന്ധമുള്ളയാളാണ് പ്രമോദ്. സിഐടിയു നേതാക്കളടക്കമുള്ള നാലംഗ പാനലാണ് സംഭവം അന്വേഷിക്കുന്നത്. വാങ്ങിയ പണം പ്രമോദ് ഇതുവരെ മടക്കി നൽകിയിട്ടില്ല. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസടക്കം പാർട്ടിയ്‌ക്ക് കത്ത് നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിക്ക് കത്ത് നൽകിയിരിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ, എം.എൽ.എമാരായ സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ, ആരോഗ്യ മന്ത്രിയുടെ പി.എ തുടങ്ങിയവരുടെ പേരുപറഞ്ഞാണ് യുവനേതാവ് കോഴ വാങ്ങിയത് എന്നാണ് ആരോപണം. വിഷയത്തിൽ നടപടിയ്‌ക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.
അറിയില്ലെന്ന് മന്ത്രി
പരാതിക്കാരനായ ഡോക്ടറെയും യുവ നേതാവിനെയും വിളിച്ചുവരുത്തി ചില ജില്ലാനേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി പണം തിരികെ കൊടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കോഴിക്കോട്ട് പൊതുപരിപാടിക്കെത്തിയ മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |