കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗംപ്രമോദ് കോട്ടൂളിക്കെതിരെ സംഘടനാ നടപടിയെടുത്ത് തലയൂരാൻ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ കമ്മിറ്റി നടപടികളിലേക്ക് നീങ്ങുന്നത്.
ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ല ഭാരവാഹിയുമായ പ്രമോദിനെ തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തേക്കും.
അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേരാനിരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം മാറ്റി. നാലു ദിവസം കഴിഞ്ഞ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നടപടികൾ ചർച്ച ചെയ്യും. ജില്ല സെക്രട്ടേറിയറ്റിലെ മൂന്നംഗ സമിതിയാണ് കോഴ ആരോപണം അന്വേഷിച്ചത്. പാർട്ടി അന്വേഷണം പൂർത്തിയായി. ഇത് ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.ആരോപണ വിധേയനായ പ്രമോദ്കോട്ടൂളി തനിക്കെതിരായ ആരോപണം നിഷേധിച്ചു. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. പാർട്ടി ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. പി.എസ്.സി അംഗത്വത്തിനായി ആരും സമീപിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.
വിഷയത്തിൽ കാര്യമായ പ്രതികരണത്തിന് ജില്ലയിലെ സി.പി.എം നേതാക്കൾ തയ്യാറായിട്ടില്ല. പി.എസ്.സി അംഗത്വത്തിനായി ഡോക്ടറോട് ആദ്യം 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്തെന്നാണ് ആരോപണം. അതിനിടെ ഒത്തു തീർപ്പിനുള്ള ശ്രമവും നടന്നിരുന്നു. സംഗതി പുറത്തറിഞ്ഞതോടെയാണ് നടപടിയുമായി പാർട്ടി രംഗത്തെത്തിയത്. മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ, എം.എൽ.എമാരായ സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ, ആരോഗ്യ മന്ത്രിയുടെ പി.എ തുടങ്ങിയവരുടെ പേരു പറഞ്ഞ് കോഴ വാങ്ങിയെന്നാണ് ആരോപണം. ആദ്യ ഗഡുവായി 10 ലക്ഷം രൂപ കൈപ്പറ്റി. പി.എസ്.സി അംഗത്വം നടക്കാതെ വന്നപ്പോൾ ആയുഷ് വകുപ്പിൽ ഉന്നതസ്ഥാനം വാഗ്ദാനം ചെയ്ത് 12 ലക്ഷം വാങ്ങി. അതും നടക്കാതെ വന്നതോടെ ഡോക്ടറും ബന്ധുക്കളും പാർട്ടിക്ക് പരാതി നൽകുകയായിരുന്നു.സംഭവം അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിക്ക് കത്ത് നൽകിയിരുന്നു.
ആലപ്പുഴ സി.പി.എമ്മിലെ 'കളകൾ' പറിക്കും: എം.വി. ഗോവിന്ദൻ
ആലപ്പുഴ : ആലപ്പുഴയിൽ സി.പി.എമ്മിലെ 'കളകൾ' പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മുന്നറിയിപ്പ്. കായംകുളം ജി.ഡി.എം ആഡിറ്റോറിയത്തിൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ള നേതാക്കൾക്കായി നടത്തിയ മേഖലാതല റിപ്പോർട്ടിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന്നപ്ര വയലാറിന്റെ മണ്ണിലെ കളകൾ പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അതാരായാലും ഒഴിവാക്കും.അതിന്റെ പേരിൽ എന്ത് നഷ്ടമുണ്ടായാലും പ്രശ്നമല്ല. ശക്തി കേന്ദ്രമായ കായംകുളത്ത് ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ്. ഇവിടെ സംഘടനാ നടപടിയെടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്പിക്കുന്നതേ നടക്കൂ . അത്തരക്കാരെ ഇനിയും വച്ചു പൊറുപ്പിക്കില്ല. സഖാക്കളിൽ പലർക്കും പണത്തോടുള്ള ആർത്തിയാണ്. പാർട്ടിയിലേക്ക് വന്നിട്ട് പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട് വലിയ സമ്പത്തിന് ഉടമയാകുന്നു. അതിനു വേണ്ടിയാണ് അവർ പാർട്ടിയിൽ വരുന്നത്. അത്തരക്കാരെ പാർട്ടിക്ക് വേണ്ട. സഹകരണ മേഖലയിൽ അംഗങ്ങളായി പതിറ്റാണ്ടുകളായി ഒരേയാൾ തുടരുന്നത് ഒഴിവാക്കും.
ബി.ഡി.ജെ.എസിന് വിമർശനം
ഈഴവ സമുദായത്തെ ബി.ഡി.ജെ.എസാണ് ബി.ജെ.പി പാളയത്തിലെത്തിച്ചതെന്ന് സി.പി.എം മേഖലാതല റിപ്പോർട്ടിംഗിൽ വിമർശനം.തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയാകുകയും, അമ്മ തുഷാറിനു വേണ്ടി രംഗത്തിറങ്ങുകയും ചെയ്തതാണ് എസ്.എൻ.ഡി.പി യോഗത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന തെറ്റിദ്ധാരണയ്ക്കിടയാക്കിയത്. യോഗം ജനറൽ സെക്രട്ടറിയെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.
തെറ്റു തിരുത്തൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ച ജില്ലയിൽ പാർട്ടിക്കുണ്ടായ ദയനീയ പരാജയത്തിൽ കരുതലോടെ പാർട്ടി സെക്രട്ടറി. സംഘടനാ ദൗർബല്യങ്ങളും പിഴവുകളും അടിയന്തരമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും ജില്ലാ ഘടകത്തിലെയോ മണ്ഡലം കമ്മിറ്രികളിലെയോ നേതാക്കൾക്കെതിരെ പരാമർശമുണ്ടായില്ല. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ കാമലോട്ട് കൺവെൻഷൻ സെന്ററിലും മേഖലാ യോഗം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |