SignIn
Kerala Kaumudi Online
Monday, 12 August 2024 12.47 PM IST

ബാരാമുള്ളയിലെ റഷീദിന്റെ വിജയം ഞെട്ടലോടെ കാണേണ്ടതാണ്; തിരഞ്ഞെടുപ്പ് വിജയം നൽകുന്ന സൂചന

election

(പഞ്ചാബിലെ ഖദൂർ സാഹിബിലേയും കാശ്മീരിലെ ബാരാമുള്ളയിലെയും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയാണ് ലേഖകൻ)

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പല കാരണങ്ങൾ കൊണ്ടും അപ്രതീക്ഷിതമായിരുന്നു. ദേശീയ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോളുകളെ പോലും പാടെ തെറ്റിച്ചുകൊണ്ടാണ് ബി.ജെ.പിക്ക് കേവലഭൂരിപക്ഷം കടക്കാൻ കഴിയാതെ പോയതും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള അതികായന്മാരുടെ ഭൂരിപക്ഷം കുറഞ്ഞതും, കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവും, ദക്ഷിണേന്ത്യയിൽ ബി.ജെ.പി കരുത്തു തെളിയിച്ചതും അതിൽ പെടുന്നു.

സഖ്യ കക്ഷികളുടെ പിന്തുണയോടുകൂടി അധികാരത്തിൽ എത്താൻ ബി.ജെ.പിക്ക് സാധിച്ചു എങ്കിലും മോദി സർക്കാരിന്റെ ആദ്യ രണ്ട് കാലഘട്ടം പോലെ അത്ര എളുപ്പം ആകില്ല ഇത്തവണ എന്ന് പ്രാഥമിക സൂചനകളിൽ നിന്ന് മനസിലാക്കാം. 2019-നെ അപേക്ഷിച്ച് ഇരട്ടിയോളം സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. പ്രതിപക്ഷം എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് ഒത്തൊരുമയോടെ പാർലമെന്റിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന് തലവേദനയാകും. പക്ഷെ അതുപോലെ തന്നെ, പഞ്ചാബിലെ ഖദൂർ സാഹിബിലെയും കാശ്മീരിലെ ബാരാമുള്ളയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ മോദി സർക്കാരിന് മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ആസാമിലെ ദിബ്രുഗർ ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ വാദിയായ അമൃത്പാൽ സിങ് ഖദൂർ സാഹിബിൽ നിന്നും കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ പിടിയിലായ എഞ്ചിനീയർ റഷീദ് ബാരമുള്ളയിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അമൃത്പാൽ സിംഗ് 1.97 ലക്ഷം വോട്ടുകൾക്കും റഷീദ് 1.5 ലക്ഷം വോട്ടുകൾക്കുമാണ് ജയിച്ചത്.

ജയിലിൽ കഴിയുന്നതിനാൽ യാതൊരു തരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താൻ ഇവർക്ക് രണ്ടുപേർക്കും സാധിച്ചിരുന്നില്ല. ഇവരുടെ ആശയങ്ങൾ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ആണെന്ന് അറിഞ്ഞിട്ടും ഇവരെ പിന്തുണയ്ക്കാൻ വലിയൊരു ആൾക്കൂട്ടം തയ്യാറായി എന്നത് ചിന്തിപ്പിക്കുന്ന വസ്‌തുതയാണ്‌.

ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അമൃത്പാൽ സിംഗിനെ ജയിലിൽ അടച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുമായും മറ്റ് തീവ്രവാദ സംഘടനകളുമായും അമൃത്പാലിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. എഞ്ചിനീയർ റഷീദ് യു.എ.പി.എ കേസിൽ പ്രതിയാണ്. വിഘടനവാദികളുമായി ചേർന്നുകൊണ്ട് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിച്ചു എന്നും മറ്റുമുള്ള ഗുരുതരമായ ആരോപണങ്ങൾ ആണ് അയാൾ നേരിടുന്നത്.

ഇത്രത്തോളം ഗൗരവകരമായ വകുപ്പുകൾ പ്രകാരം ജയിലിൽ കഴിയുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കാൻ ഉള്ള നിയമത്തിന്റെ അഭാവം ഇവർ പ്രയോജനപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെടുകയും ശിക്ഷ 2 വർഷത്തിന് മുകളിൽ ആണെങ്കിലുമാണ് ഇന്നുള്ള നിയമപ്രകാരം അയാൾക്ക് സ്ഥാനം നഷ്ടപ്പെടുന്നത്.

ഖാലിസ്ഥാൻ വാദം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ 1980-കളിൽ അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ തമ്പടിച്ച തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ ഉത്തരവിട്ട ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരാൽ കൊലചെയ്യപ്പെട്ടിരുന്നു. അവർക്ക് നേരെ വെടിയുതിർത്ത ബീന്ത് സിങിന്റെ മകൻ സരബ്‌ജിത് സിംഗ് ഖാൽസയും സ്വതന്ത്ര സ്ഥാനാർത്ഥിയായി ഈ തിരഞ്ഞെടുപ്പിൽ ഫരീദ്കോട്ടിൽ നിന്ന് വിജയിച്ചിരുന്നു.

1980-ൽ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പരിശീലനം നൽകിയതും അവരെ അതിർത്തി കടത്തി പഞ്ചാബിലേക്ക് വിട്ടതും പാക്കിസ്ഥാൻ ആണെന്നത് ഒരു വസ്തുതയാണ്. 1984-ന് ശേഷം അവർ അവരുടെ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി. പഞ്ചാബിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് കടത്തി യുവതലമുറയെ തകർക്കാൻ അവർ ശ്രമിച്ചു. ഇന്ത്യക്ക് പുറത്തു ഖാലിസ്ഥാൻ വാദികൾക്ക് ഒന്നിക്കാനുള്ള അവസരവും അവർ നൽകി. പഞ്ചാബിൽ വർദ്ധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളുർെയും മറ്റും പോക്ക് ഏതു ദിശയിലേക്ക് ആണെന്ന് കൃത്യമായ സൂചനകൾ നൽകുന്നുണ്ട്.

തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം വലിയ രീതിക്ക് ചർച്ചചെയ്യാതെ പോയി എന്നത് ഒരു യാഥാർഥ്യമാണ്. പഞ്ചാബും കാശ്മീരും അശാന്തമാകണം എന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നത് പാക്കിസ്ഥാനാണ്. അതുകൊണ്ട് തന്നെ വിഘടനവാദികളുടെ ഈ ജയത്തിന്റെ പരിണിത ഫലങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടാകും എന്നത് തീർച്ചയാണ്. അമൃത്പാൽ സിങും എഞ്ചിനീയർ റഷീദും പ്രത്യേക പരോളിൽ ഇറങ്ങിയാണ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭാ സ്‌പീക്കറുടെ ചേംബറിൽ ആണ് ചടങ്ങ് നടന്നത്.

ഖദൂർ സാഹിബിലേയും ബാരാമുള്ളയിലെയും വിഘടനവാദികളുടെ വിജയം കേന്ദ്ര സർക്കാരിന് മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചാബിലും കാശ്മീരിലും വളർന്നുവരുന്ന വിഘടനവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാൻ കേന്ദ്രത്തിനു സാധിക്കണം. അമൃത്പാൽ സിംഗും എഞ്ചിനീയർ റഷീദും മുന്നോട്ട് വെയ്ക്കുന്ന ആശയം മറ്റ്‌ സീറ്റുകളിലേക്ക് കൂടി പടർന്നാൽ ഇന്ത്യ അതിന് വലിയ വില നൽകേണ്ടിവരും എന്നത് നിസംശയം പറയാം.

(രാഷ്ട്രീയ നിരീക്ഷകനും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.