തൃശൂർ : ദളിത് വിഭാഗക്കാരിയായ ഗീതാ ഗോപി എം.എൽ.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധീകരണം നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധം വിവാദമായിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ.കെ.ഷൈലജ രംഗത്തെത്തി. ചേർപ്പ് തൃപ്രയാർ റോഡ് തകർച്ചയെ തുടർന്ന് സിവിൽ സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗീതാ ഗോപി എം.എൽ.എ സമരം അവസാനിപ്പിച്ച് മടങ്ങിയപ്പോഴാണ് ചേർപ്പ് സിവിൽ സ്‌റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത്. ചേർപ്പ് യൂത്ത് കോൺഗ്രസാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോൺഗ്രസുകാർ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണ്. ഒരു എം.എൽ.എ. ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. നവോത്ഥാനത്തിൽ ഇത്രയേറെ മുന്നിലുള്ള മലയാളികൾ ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നതെന്നും മന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഗീത ഗോപി എം.എല്‍.എ.യ്‌ക്കെതിരെ ജാതീയ അധിക്ഷേപം ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഒരു എം.എല്‍.എ. ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണ്. നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്. ഇതിനെതിരെ ശക്തമായി അപലപിക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |