ഹരാരെ: 'ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ ആകാനുള്ള കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍, അവന് ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അത് അവന്റെ നഷ്ടമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടമാണ്.' നിയുക്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ മുമ്പ് പറഞ്ഞ വാക്കുകളാണിത്. ഗംഭീര്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള താരത്തിന്റെ ആരാധകര്‍.
ഈ മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം മുതലാണ് ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കുന്നത്. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് ശ്രീലങ്കയില്‍ ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ കളിച്ചേക്കില്ല. ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് രോഹിത്തും കൊഹ്ലിയും വിരമിക്കുകയും ചെയ്തു. കൊഹ്ലിയുടെ മൂന്നാം നമ്പര്‍ പൊസിഷനിലേക്ക് സഞ്ജുവിനെ ഗംഭീര്‍ പരിഗണിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഒരുപിടി താരങ്ങളുടെ ഭാവിയില്‍ ഗംഭീറിന്റെ തീരുമാനം നിര്‍ണായകമാണ്. ഒരോ ഫോര്‍മാറ്റിനും പറ്റിയ താരങ്ങളെ ആ ഫോര്‍മാറ്റില്‍ ഉപയോഗിക്കണമെന്നതാണ് ഗംഭീറിന്റെ പ്രഖ്യാപിത നയം. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെടെ ടീമില്‍ കളിക്കുന്ന ചില താരങ്ങള്‍ക്ക് ടി20 ടീമില്‍ ഗംഭീര്‍ അവസരം നല്‍കിയേക്കില്ല. സിംബാബ്‌വെക്കെതിരായ അവസാന മത്സരത്തില്‍ സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആകുകയും ചെയ്തു. 40ന് മൂന്ന് എന്ന നിലയില്‍ ടീം പരുങ്ങലിലായപ്പോഴാണ് താരം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.
45 പന്തുകള്‍ നേരിട്ട സഞ്ജു ഒരു ഫോറും നാല് സിക്‌സറുകളും സഹിതമാണ് ഹാഫ് സെഞ്ച്വറി തികച്ചത്. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിലാണ് താരം മിന്നും പ്രകടനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. എന്തായാലും മുന്‍ പരിശീലകരില്‍ നിന്ന് ലഭിക്കാത്ത ഒരു പരിഗണന സ്വാഭാവിക പ്രതിഭ കൊണ്ട് തന്നെ സഞ്ജുവിന് ഗംഭീറില്‍ നിന്ന് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |