ആലപ്പുഴ: ഗ്രാമീണ ജനങ്ങളുടെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തി തക്കസമയത്ത് ചികിത്സ നിർദ്ദേശിക്കാൻ കണ്ണ് പരിശോധനാ സംവിധാനം വരുന്നു. സംസ്ഥാനത്തെ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നേത്ര പരിശോധനയ്‌ക്കുള്ള വിഷൻ സെന്ററുകൾ സ്ഥാപിക്കാൻ 1.70 കോടി രൂപ നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചു.
പരിശോധനാ ഉപകരണങ്ങളും ഫർണിച്ചറും വാങ്ങാനാണിത്. നാഷണൽ പ്രോഗ്രാം ഫോർ കൺട്രോൾ ഒഫ് ബ്ളൈൻഡിന്റെ ഭാഗമായാണ് വിഷൻ സെന്ററുകൾ സ്ഥാപിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ കണ്ണ് പരിശോധിക്കാൻ താത്കാലികാടിസ്ഥാനത്തിൽ ഒപ്ടോമെട്രിസ്റ്റിനെ നിയമിക്കും. കാഴ്‌ച പരിശോധിച്ച് കണ്ണട നിർദ്ദേശിക്കുകയും തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി, കണ്ണിന്റെ മർദ്ദം അളന്ന് ഗ്ളോക്കാേമ തുടങ്ങിയവ കണ്ടെത്തുകയുമാണ് ഇവരുടെ ജോലി.
ചില കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ കണ്ണ് പരിശോധന നിലവിലുണ്ട്. എന്നാൽ, 60സെന്ററുകളിൽ ഒപ്ടോമെട്രിസ്റ്റുകളില്ല. ഒപ്ടോമെട്രിയിൽ ബിരുദവും ഒപ്ടോമെട്രിക് അസിസ്റ്റന്റ് ഡിപ്ളോമയും നേടിയ തൊഴിലില്ലാത്ത 5,000 പേരുണ്ടെന്നാണ് കണക്ക്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്കൂൾ കുട്ടികളിൽ വായിക്കാനുള്ള ബുദ്ധിമുട്ട് കാണപ്പെടുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം വെളിവാക്കുന്നത്.
കണ്ണൂർ ജില്ലയിലെ 30,000ത്തിലധികം സ്കൂൾ കുട്ടികളെ പരിശോധിച്ചപ്പോൾ നിരവധി പേർക്ക് വൈകല്യം കണ്ടെത്തി. 3,800 കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകി. മറ്റുള്ളവരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലേക്ക് അയച്ചു.
ചികിത്സയ്ക്ക്
റഫർ ചെയ്യും
ഒപ്ടോമെട്രിസ്റ്റിന് കണ്ണിന്റെ പവർ പരിശോധിച്ച് കണ്ണട കുറിക്കാം. പരിശോധനയിൽ കൂടുതൽ അപാകത കണ്ടെത്തിയാൽ താലൂക്ക് ആശുപത്രിയിലേക്കോ, ജനറൽ ആശുപത്രിയിലേക്കോ, മെഡിക്കൽ കോളേജിലേക്കോ റഫർ ചെയ്യും. തുടർചികിത്സ ഡോക്ടർമാരാണ് നടത്തുക. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഒപ്ടോമെട്രിസ്റ്റിന്റെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയുമാണ്. ഒ.പി രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ. മറ്റ് ദിവസങ്ങളിൽ മിനി കമ്മ്യൂണിറ്റി സെന്ററുകളിലാണ്.
വിഷൻ സെന്ററുകൾ
തിരുവനന്തപുരം -16, കൊല്ലം- 12, പത്തനംതിട്ട -10, ആലപ്പുഴ- 11, കോട്ടയം -12, ഇടുക്കി- 8, എറണാകുളം- 15, തൃശൂർ -18, പാലക്കാട് -16, മലപ്പുറം- 17, കോഴിക്കോട്-12, വയനാട് -6, കണ്ണൂർ -11, കാസർകോട്- 6
''കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എത്രയുംവേഗം വിഷൻ സെന്ററുകൾ സ്ഥാപിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
-കേശവേന്ദ്രകുമാർ
ഡയറക്ടർ, ആരോഗ്യമിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |