
ആലപ്പുഴ: സ്വർണവില സർവകാല റെക്കാഡും ഭേദിച്ച് ലക്ഷത്തിലെത്തി നിൽക്കുമ്പോൾ, കച്ചവടമില്ലാതെ കിതയ്ക്കുകയാണ് സ്വർണവ്യാപാര മേഖല. ദിവസങ്ങളായി ഒരു ഗ്രാം സ്വർണത്തിന്റെ പോലും വിൽപ്പനയില്ലാത്ത സ്ഥാപനങ്ങളുണ്ട് ജില്ലയിൽ. കച്ചവടം ഇടിഞ്ഞതോടെ ജീവനക്കാരുടെ ശമ്പളം, കടമുറി വാടക തുടങ്ങിയ ചെലവുകൾ പോലും ചെറുകിട കച്ചവടക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്.
സ്വർണത്തിന്റെ ജി.എസ്.ടി നിരക്ക് മൂന്ന് ശതമാനമാണ്. അതായത് നിലവിൽ
ഒരു പവൻ സ്വർണ്ണം വാങ്ങുമ്പോൾ മൂവായിരത്തിലേറെ രൂപ ജി.എസ്.ടി ഇനത്തിൽ ഉപഭോക്താവ് നൽകണം. ഇത് വിൽപ്പനയെ കാര്യമായി ബാധിച്ചുവെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്.
ജി.എസ്.ടി നിലവിൽ വരുമ്പോൾ സ്വർണവില പവന് 20,000 രൂപയായിരുന്നു. അന്ന് 600 രൂപയായിരുന്നു ജി.എസ് ടി. എന്നാൽ വില അഞ്ചിരട്ടി വർദ്ധിച്ചിട്ടും നിരക്ക് കുറയ്ക്കാൻ ജി.എസ്.ടി കൗൺസിൽ തയാറായിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. വിവാഹ പാർട്ടികൾക്കായി കുറഞ്ഞവിലയിൽ മുൻകൂർ ബുക്കിംഗ് എടുത്ത വ്യാപാരികൾ നഷ്ടം സഹിച്ചും സ്വർണം നൽകി വാക്ക് പാലിക്കേണ്ട അവസ്ഥയിലാണ്. ജി.എസ്.ടി ഒരു ശതമാനമാക്കുക, നികുതി അടയ്ക്കുന്നതിൽ മോറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പരിഹാരമെന്ന നിലയിൽ വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.
സ്വർണ വില ഉയരുന്നത് കണ്ട് വെള്ളിയിലേക്ക് ചുവടുമാറ്റിയവരുണ്ട്. എന്നാൽ, സ്വർണത്തിനൊപ്പം വെള്ളിക്കും വില കുതിച്ചുയരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി.
ജില്ലയിൽ
ജുവലറികൾ : 580
ആശ്രയം ഇമിറ്റേഷൻ
സ്വർണവില താങ്ങാനാകാതെ വന്നതോടെ, വിവാഹത്തിന് ആഭരണവിഭൂഷിതയായി അണിഞ്ഞൊരുങ്ങാനുള്ള പെൺകുട്ടികളുടെ ആഗ്രഹം പലപ്പോഴും ഇമിറ്റേഷനിൽ ഒതുങ്ങുകയാണ്.
വിവാഹ ആവശ്യത്തിനുള്ള ഇമിറ്റേഷൻ ആഭരണങ്ങളുടെ സംരംഭങ്ങൾക്ക് ഓൺലൈനിൽ ഉൾപ്പടെ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. താലിയും മാലയും ഉൾപ്പടെ ലഭ്യമാണ്.കൈയിലെ പണത്തിന് ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ വാങ്ങുകയും വിവാഹദിനത്തിൽ അണിയാൻ ഇഷ്ടപ്പെട്ട മോഡലിൽ ഇമിറ്റേഷൻ ആഭരണങ്ങൾ വാങ്ങുകയോ, വാടകയ്ക്കെടുക്കുകയോ ആണ് ഇപ്പോൾ പലരും.
തുടർച്ചയായ സ്വർണ്ണവില വർദ്ധന ചെറുകിട വ്യാപാര മേഖലയെ മാന്ദ്യത്തിലാക്കി. ഈ വർഷം അവസാനിക്കുമ്പോൾ ഒരു ഗ്രാം പോലും വിൽക്കാത്ത നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്
-നസീർ പുന്നക്കൽ, സംസ്ഥാന സെക്രട്ടറി,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |