തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ കേരളത്തിലെ എം.പിമാർ സംയുക്തമായി കേന്ദ്രത്തിന് നിവേദനം നൽകും. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി
നടത്തുമെന്ന് ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എം .പി മാർ അറിയിച്ചു.
കേന്ദ്രപദ്ധതികളുടെ സമയ ബന്ധിതമായ പൂർത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികൾ സ്വീകരിക്കും. ആലുവ താലൂക്കിൽ ഗ്ലോബൽ സിറ്റി പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിനുള്ള ഭരണാനുമതിയടക്കം സംസ്ഥാന സർക്കാർ നൽകിയിരുന്നു. പദ്ധതി നിറുത്തിവയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തിരുത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തും. തിരുവനന്തപുരം തോന്നയ്ക്കലിൽ വ്യവസായ വികസന കോർപ്പറേഷനുമായി ചേർന്ന് ആരംഭിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് ശ്രീചിത്രയ്ക്ക് കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ശരാശരി 16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന വിഹിതിമായിരുന്ന സ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാസാക്കിയതിനു ശേഷം 14.25 ലക്ഷം ടൺ അരി മാത്രമാണ് ലഭിക്കുന്നത്. ഇത് തിരുത്തിക്കണം.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള സമ്മർദം ചെലുത്തും.
മറ്ര് തീരുമാനങ്ങൾ
*തലശ്ശേരി മൈസൂർ, നിലമ്പൂർ നഞ്ചൻകോട്, കാഞ്ഞങ്ങാട് കണിയൂർ പാണത്തൂർ ശബരി റെയിൽ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഇടപെടും.
*നാഷണൽ ഹൈവേയിലെ പ്രശ്നബാധിത സ്ഥലങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സന്ദർശിക്കും.
* കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാന്റുകളിലും കുറവ് വന്നതിനാൽ 24,000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് വേണം
*വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 5000 കോടിയുടെ പാക്കേജ് അനുവദിക്കണം
*സംസ്ഥാനത്ത് കടുത്ത വരൾച്ച നേരിട്ട സാഹചര്യത്തിൽ കർഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജും ലഭ്യമാക്കണം.
എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, കെ രാധാകൃഷ്ണൻ, ബെന്നി ബഹന്നാൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, രാജ് മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, അബ്ദുൾ സമദ് സമദാനി, ജെബി മേത്തർ, എ എ റഹീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പിൽ, ഫ്രാൻസിസ് ജോർജ്, പി പി സുനീർ, ഹാരിസ് ബീരാൻ എന്നിവരും,സംസ്ഥന മന്ത്രിമാരും പങ്കെടുത്തു.ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതം പറഞ്ഞു.
കേന്ദ്ര പദ്ധതി നിർവഹണം:
സംസ്ഥാന നിലപാടിനെതിരെ
കോൺഗ്രസ് എം.പിമാർ
#എയിംസ് കാസർകോട്ട് വേണം
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിയും ഫണ്ട് വിനിയോഗവും യഥാസമയം സംസ്ഥാന സർക്കാർ അറിയിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ വിമർശനം.
പദ്ധതികൾക്ക് ഫണ്ട് അനുവദിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്ന തങ്ങളെ കൃത്യമായി കാര്യങ്ങൾ അറിയിക്കാത്തതിലുള്ള പ്രതിഷേധം കെ.സി.വേണുഗോപാൽ പ്രകടിപ്പിച്ചു. ഫണ്ട് വിനിയോഗത്തിന്റെ കാര്യം സംസ്ഥാന സർക്കാർ മാത്രം തീരുമാനിക്കുന്നു.. കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം നേടിയെടുക്കാൻ എം.പിമാർ ഒറ്റക്കെട്ടായി സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രിക്ക്, ഉറപ്പു നൽകി.സംസ്ഥാനത്തു ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗതയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും സർവീസ് റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും വിമർശനമുയർന്നു. സർവീസ് റോഡുകൾ ഒരുക്കുന്നതിലും ഗതാഗത തടസംഒഴിവാക്കുന്നതിലും പൊതുമരാമത്ത് വകുപ്പ് പരാജയപ്പെടുന്നു.
വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതു തടയുന്നതിനായി ഇലക്ട്രിക് ഫെൻസിംഗുകൾ സ്ഥാപിക്കുന്നതിൽസംസ്ഥാന സർക്കാർ പരാജയപ്പെടുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. .കാസർകോടിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എയിംസ് കോഴിക്കോട്ട് കിനാലൂരിലേക്ക് കൊണ്ടുപോകാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. കോഴിക്കോട്ട് ഉന്നത നിലവാരത്തിലുള്ള നിരവധി ആശുപത്രികളുണ്ട്. ആരോഗ്യ മേഖലയിൽ ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോടിന് എയിംസ് ലഭിച്ചാൽ ഏറെ പ്രയോജനകരമാണ്. എൻഡോസൾഫാൻ ദുരന്തത്തിന്റെ ആയിരക്കണക്കിന് ഇരകളുള്ള പ്രദേശമാണ്. എന്നാൽ ഇക്കാര്യത്തിൽ മുൻ യു.ഡി.എഫ് സർക്കാർ വേണ്ട നടപടി എടുത്തില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ സർക്കാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ സർക്കാരാണ് അത് തിരുത്തേണ്ടതെന്ന് ഉണ്ണിത്താൻ പറഞ്ഞു.കാഞ്ഞാങ്ങാടിനേയും കർണാടകയിലെ കാണിയൂരിനേയും ബന്ധിപ്പിക്കുന്ന റെയിൽപാതയ്ക്ക് സംസ്ഥാനം എൻ.ഒ.സി നൽകാത്തതിനാൽ അനുമതി ലഭിച്ചില്ലെന്നും ഉണ്ണിത്താൻ വിമർശിച്ചു.
അങ്കമാലി- ശബരി
പാത: എം.പിമാരുടെ
സഹായം തേടി
തിരുവനന്തപുരം: അങ്കമാലി -ശബരി റെയിൽപാതയുടെ പുതുക്കിയ രൂപരേഖയുടെ അംഗീകാരത്തിന് എം.പിമാരുടെ സഹായം തേടി സംസ്ഥാനം. ഇതിന്റെ എസ്റ്റിമേറ്റും വിശദപഠന റിപ്പോർട്ടും പുതുക്കി സമർപ്പിക്കാൻ റെയിൽവേ ബോർഡ്, കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ലിഡാർ സർവേ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. അങ്കമാലി എരുമേലി ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റും വിശദപഠന റിപ്പോർട്ടും 2023 സെപ്റ്രംബർ രണ്ടിന് റെയിൽവേയ്ക്ക് സമർപ്പിച്ചിരുന്നു. പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ട ഇടപെടലുണ്ടാകണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമാകണമെങ്കിൽ വിദേശ വിമാന കമ്പനികളുടെ അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ കൂടുതൽ അനുവദിക്കണം. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്താനുള്ള പോയിന്റ് ഒഫ് കോൾ ലഭ്യമാക്കണം. ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കും.
റെയിൽവെ ഓവർബ്രിഡ്ജ്
നിർമ്മാണം വൈകുന്നു :
കൊടിക്കുന്നിൽ
തിരുവനന്തപുരം: റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു.
കണിയാപുരം റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തിലെ കാല താമസം അടൂർപ്രകാശും ചൂണ്ടിക്കാട്ടി. നിർമ്മാണ ഏജൻസിയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |