ശൈലിമാറ്റി ഒരു പറ്റം യുവാക്കളുമായെത്തിയ സ്പെയിൻ ഫുട്ബാൾ ലോകത്തെയാകെ അമ്പരിപ്പിച്ചാണ് നാലാം യൂറോ കിരീടമുയർത്തിയത്. ഫൈനൽ വരെ എല്ലാമത്സരത്തിലും ജയിച്ച് എതിർവലകളിൽ ഗോൾ നിറച്ച് സ്പെയിനിന്റെ സമഗ്രാധിപത്യമായിരുന്നു ഇത്തവണ. ശനിയാഴ്ച 17 തികഞ്ഞ ലമിൻ യമാലും കഴിഞ്ഞ 12-ാം തിയതി 22-ാം പിറന്നാൾ ആഘോഷിച്ച നിക്കോവില്യംസുമായിരുന്നു സ്പാനിഷ് കുതിപ്പിലെ മുന്നണിപ്പോരാളികളായത്.ടൂർണമെന്റിലെ താരമായ 28കാരൻ റോഡ്രിയായിരുന്നു അവരുടെ എൻജിൻ. മദ്ധ്യനിരയിൽ കളിമെനയുന്ന 21കാരൻ പെഡ്രിക്ക് പരിക്കേറ്റപ്പോൾ 26കാരൻ ഡാനി ഓൾമോ ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ഗോളടിച്ചും അടിപ്പിച്ചും ഫൈനലിൽ അവസാന നിമിഷത്തിൽ തകർപ്പൻ ഗോൾ ലൈൻ സേവ് നടത്തിയും ഓൾമോ നിറഞ്ഞാടി. 27കാരൻ ഉനെ സിമോൺ ക്രോസ് ബാറിന് കീഴിൽ വന്മതിലായി. മാർക് കുക്കുറെല്ലയെന്ന 25കാരൻ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബയുടെ യഥാർത്ഥ പിൻഗാമിയായി. 28കാരൻ ഫാബിയാൻ റൂയിസും തീപ്പൊരിയായി.32കാരൻ കാർവഹാലും 31വയുള്ള ക്യാപ്ടൻ അൽവാരൊ മൊറാട്ടയുമായിരുന്നു സ്ഥിരം ആദ്യഇലവനിലെ മുപ്പത് വയസ് കഴിഞ്ഞവർ. ലൂയിസ് ഡെ ല ഫ്യുയന്റെ എന്ന കോച്ചിന് കൂടി അവകാശപ്പെട്ടതാണ് ഈ ജയം. യുവരക്തത്തിൽ വിശ്വസാമർപ്പിച്ച ഫ്യുയന്റെ ടിക്കി ടിക്കയെന്ന പുകഴ്പെറ്റ ശൈലിക്ക് പകരം വിംഗുകളൂടെ നേരിട്ട ആക്രമണം നടത്തുന്ന തന്ത്രം വിജയകരമായി തന്റെ താരങ്ങളെക്കൊണ്ട് ആവിഷ്കരിക്കുകയായിരുന്നു.
വ്യതാസങ്ങളുടെ പകുതി
തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ കളിച്ച ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് സ്പെയിൻ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്.ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലിൽ ആദ്യപകുതിയും രണ്ടാം പകുതിയും തമ്മിൽ രാപ്പകൽ വ്യത്യാസമുണ്ടായിരുന്നു.ഇരു കുതികളിലും ആധിപത്യം പുലർത്തിയത് സ്പെയിൻ തന്നെയായിരുന്നു. ആദ്യ പകുതിയിൽ സ്പാനിഷ് ആക്രമണങ്ങളെ മനോഹരമായി പ്രതിരോധിച്ച ഇംഗ്ലണ്ടിന് എന്നാൽ രണ്ടാം പകുതിയിൽ തുടക്കത്തിലേ അടിതെറ്റുകയായിരുന്നു.
നിക്കോയിലൂടെ മുന്നിൽ
രണ്ടാം പകുതിയുടെതുടക്കത്തിൽ തന്നെ നിക്കോ വില്യംസ് സ്‌പെയിനിനെ മുന്നിൽ എത്തിച്ചു. 47-ാം മിനിട്ടിൽ കൗമാര താരം ലമിൻ യമാലിന്റെ പാസിൽ നിന്നാണ് മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്.
ഡ്രോയാക്കി പാൽമർ
കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടിൽ കളത്തിലെത്തിയ കോൾ പാൽമർ 73-ാം മിനിട്ടിൽ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ വന്നത്. സാക്ക ബോക്സിലേക്ക് നൽകിയ പന്ത് വൺടച്ച് പാസിലൂടെ ജൂഡ് പാൽമർക്ക് മറിച്ചു. ബോക്സിന് തൊട്ടുവെളിയിൽ നിന്ന് പാൽമർ തൊടുത്ത നിലം പറ്റെയുള്ല ലോംഗ് റേഞ്ചർ സിമോമണെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് കയറി.
ജയിപ്പിച്ച് ഒയർസബാൽ
86-ാം മിനിട്ടിൽ ഒയർസബാൽ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോൾ നേടി.കുക്കുറെല്ലയുടെ പാസിൽ നിന്നായിരുന്നു ഒയർസബാലിന്റെ തകർപ്പൻ ഫിനിഷ്.
യമാലിന് റെക്കാഡ്
- ഒരു മേജർ ഫുട്ബാൾ ടൂർണമെന്റ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് 17കാരനായ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 1958ലെ ലോകകപ്പ് കിരീടം നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കാഡാണ് യമാൽ മറികടന്നത്. ശനിയാഴ്ചയാണ് യമാലിന് 17 വയസ് തികഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |