തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയ കേസിലെ പ്രതി ശിവരഞ്ജിത്ത് പരീക്ഷ എഴുതിയ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് പൊലീസ് കേരള സർവകലാശാലയ്ക്കും യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനും രേഖാമൂലം അപേക്ഷ നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഫൊറൻസിക് പരിശോധന നടത്തുന്നതിന് ഉത്തരക്കടലാസുകൾ ആവശ്യമാണെന്ന നിലപാടിലാണ് പൊലീസ്.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീൽ ഉപയോഗിച്ച് ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ സർവകലാശാലയിലോ കോളജിലോ സമർപ്പിച്ചിട്ടുണ്ടോയെന്ന വിവരവും ഉടൻ അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഈ കാര്യങ്ങളിൽ സർവകലാശാല റജിസ്ട്രാറോ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലോ മറുപടി നൽകിയിട്ടില്ല. ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇപ്പോൾ കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.
സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ പതിവായി കടത്തിയിരുന്നതായി ശിവരഞ്ജിത്ത് തന്നെയാണ് പൊലീസിന് മൊഴിനൽകിയത്. യൂണിവേഴ്സിറ്റിയുടെ വാഹനത്തിൽ ഉത്തരക്കടലാസുകൾ കോളേജിലെത്തിച്ച് സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുമ്പോഴാണ് മോഷ്ടിച്ചത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തവയിൽ രജിസ്റ്റർ നമ്പരും ഉത്തരവും എഴുതിയ മൂന്ന് ഉത്തര കടലാസുകളുണ്ടായിരുന്നു. 2016ൽ നടത്തിയ പരീക്ഷയുടെ തിയതിയും രജിസ്റ്റർ നമ്പരുകളും സഹിതം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരെണ്ണത്തിലെ രജിസ്റ്റർ നമ്പർ ശിവരഞ്ജിത്തിന്റെ സുഹൃത്ത് പ്രണവിന്റേതാണെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |