ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. വളരെ ദുഷ്‌കരമായ സ്ഥലത്താണ് അപകടമുണ്ടായത്. രണ്ട് യൂണിറ്റ് എൻഡിആർഎഫ് സംഘം സ്ഥലത്ത് എത്തിയെന്നും വളരെ പതിയെ മാത്രമേ മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളു എന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അംഗം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മലയുടെ മുകൾ ഭാഗത്ത് മഴ പെയ്യുന്നുണ്ട്. മലയുടെ ഇടയിലൂടെ വെള്ളം ഇറങ്ങുന്നതും പുഴയിലെ നീരൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. നേവി ഡൈവർമാർ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റൽ ഡിറ്റക്‌ടറുകൾ എത്തിച്ച് പരിശോധിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ കളക്‌ടർ ലക്ഷ്‌മി പ്രിയ പറഞ്ഞു.
റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അർജുന്റെ കുടുംബത്തിന്റെ പ്രതീക്ഷ. ലോറിയുടെ ജിപിഎസ് ലൊക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവർമാർക്ക് പുറമേ 100 അംഗ എൻഡിആർഎഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്. ജൂലായ് 16ന് രാവിലെയുണ്ടായ കൂറ്റൻ മണ്ണിടിച്ചിലിലാണ് പ്രദേശം തകർന്നത്.
ജിപിഎസ് ലൊക്കേഷൻ പരിശോധിക്കുമ്പോൾ മരം കയറ്റിവന്ന ലോറി കഴിഞ്ഞ നാല് ദിവസമായി മണ്ണിനടിയിലാണ്. എന്നാൽ, ഓഫ് ആയിരുന്ന അർജുന്റെ ഫോൺ ഇന്നലെയും ഇന്നും ബെല്ലടിച്ചതിന്റെ പ്രതീക്ഷയിലാണ് കുടുംബം. അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ KA15 A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അങ്ങോട്ട് പോയി വാഹനത്തിന്‍റെ ലൊക്കേഷന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
'സംഭവ സ്ഥലത്ത് നിന്നും ഒരു ടാങ്കർ ലോറിയും ഒരു കാറും കണ്ടെത്തിയതായി എൻഡിആർഎഫ് അറിയിച്ചു. രണ്ട് കുട്ടികളും രണ്ട് സ്‌ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എൻഡിആർഎഫിനൊപ്പം ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട് .' - റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |