തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിലും സർക്കാരിലും വരുത്തേണ്ട തെറ്റ് തിരുത്തൽ സംബന്ധിച്ച മാർഗരേഖകൾക്ക് ഇന്നും നാളെയും ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകും. നിലവിലെ പ്രവർത്തന ശൈലിയിലെ മാറ്റങ്ങളുടെയും സർക്കാരിന്റെ മുൻഗണനാ ക്രമങ്ങളുടെയും കരട് രൂപം വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തയ്യാറാക്കിയിരുന്നു.
ഭരണവിരുദ്ധ വികാരമാണ് പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ പോലും ചോർത്തിയതെന്ന വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ചേർന്ന സംസ്ഥാന നേതൃയോഗങ്ങളിലും കേന്ദ്ര കമ്മിറ്റി യോഗത്തിലും ഉയർന്നത്. തുടർന്ന് നടന്ന ജില്ല കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ തെറ്റായ സമീപനങ്ങൾക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർന്നു.ഇ.പിയെ കൺവീനർ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യവും ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടു. അടിസ്ഥാന വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒലിച്ചുപോയത് പാർട്ടി നേതൃത്വത്തിലും സർക്കാരിലും പിന്നാക്ക,പട്ടിക വിഭാഗങ്ങൾ നേരിടുന്ന അവഗണന കാരണമാണെന്നാണ് ജില്ല,ഏരിയാ കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന വികാരം. എന്നിട്ടും, സ്വന്തം വീഴ്ചകൾ മറച്ചുവച്ച് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിനെതിരെ എം.വി.ഗോവിന്ദൻ നടത്തുന്ന കടന്നാക്രമണം കൂടുതൽ ദോഷകരമാവുമെന്ന വിമർശനവും സി.പി.എമ്മിൽ ഉയരുന്നുണ്ട്.
അഴിച്ചുപണി അകലെ
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ ജില്ലാക്കമ്മിറ്റി യോഗങ്ങളിൽ പരക്കെ വിമർശനം ഉയർന്നതും, വാർത്താമാദ്ധ്യമങ്ങളിലൂടെ അതു പുറത്തുവന്നതും നേതൃത്വത്തെ അമ്പരപ്പിച്ചു.പാർട്ടിയിൽ പിണറായിക്കെതിരെ അതൃപ്തരായ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ പിൻബലത്തിൽ പടയൊരുക്കമെന്ന പ്രചാരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശക്തമായി. എന്നാൽ,മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഒരു ജില്ലാക്കമ്മിറ്റിയിലും ഉയർന്നില്ല.ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നല്ലാതെ, മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാദ്ധ്യത എങ്ങും ഉയർന്നുകേട്ടില്ല.
തെറ്റ് തിരുത്തലിൽ കല്ലുകടി
കോഴിക്കോട്ടെ പി.എസ്.സി അംഗത്വ കോഴ വിവാദം ഒതുക്കിത്തീർക്കാൻ പാർട്ടി നേതൃത്വം കാട്ടിയ വെമ്പൽ ജനങ്ങളിൽ സംശയവും ദുരൂഹതയും സൃഷ്ടിച്ചതായാണ് ആക്ഷേപം. പത്തനംതിട്ടയിൽ ബി.ജെ.പി പുറത്താക്കിയ കാപ്പ കേസ് പ്രതിയെ ഉൾപ്പെടെ മന്ത്രി മാലയിട്ട് സ്വീകരിച്ചു. പാർട്ടിയിലെടുത്ത ആർ.എസ്.എസിന്റെ തനി സ്വരൂപങ്ങളെയും ശുദ്ധീകരിക്കുമെന്ന എം.വി.ഗോവിന്ദന്റെ ന്യായീകരണം കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ലെന്ന വിർശനവും പാർട്ടിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |