തിരുവനന്തപുരം:ധനപ്രതിസന്ധിയും അവഗണനയും മറികടക്കാനും വിഴിഞ്ഞത്തിന്റെ വികസനസാഹചര്യം അനുകൂലമാക്കാനും കേന്ദ്രബഡ്‌ജറ്റിൽ പ്രതീക്ഷ അർപ്പിച്ച് കേരളം. തിരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക് കേരളത്തിൽ ഒരു എം.പി.യെ കിട്ടിയതും ബഡ്ജറ്റിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
എയിംസ് മുതൽ 24,000കോടിയുടെ സാമ്പത്തിക പാക്കേജ് വരെയാണ് കേരളത്തിന്റെ ലിസ്റ്റിലുള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 5000 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ നവീകരണം, എയിംസ്, റബ്ബറിന്റെ താങ്ങ് വില ഉയർത്തൽ, പരമ്പരാഗത മേഖലയുടെ നവീകരണം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള സഹായങ്ങൾ തുടങ്ങിയവയും ഉണ്ട്.
ബഡ്ജറ്റിന് മുന്നോടിയായി കേന്ദ്രധനമന്ത്രി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും പിന്നീട് കേന്ദ്രമന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിലും ഇതെല്ലാമാണ് ഉന്നയിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും കോൺഗ്രസ് എം. പി കെ.സി.വേണുഗോപാലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. അർഹമായ വിഹിതം നേടണമെന്ന് ഉറച്ചാണ് സർക്കാർ.
കഴിഞ്ഞ പത്തു വർഷവും കേന്ദ്രബഡ്ജറ്റ് സംസ്ഥാനത്തിന് നിരാശയായിരുന്നു. കിഫ്ബിയുടേയും സാമൂഹ്യ സുരക്ഷാപെൻഷൻ കമ്പനിയുടേയും വായ്പകളുടെ പേരിൽ വായ്പാപരിധി കുറയ്ക്കുകയും നികുതി വിഹിതം കുറയ്ക്കുകയും ജി.എസ്.ടി.നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന അപേക്ഷ തള്ളുകയും ചെയ്തു. റെയിൽവേ വികസനത്തിന് കാര്യമായ സഹായം കിട്ടിയില്ല. സിഗ്നൽ നവീകരണവും മൂന്നാം പാതയും പരിഗണിച്ചില്ല.എറണാകുളം - ആലപ്പുഴ- കായംകുളം പാത ഇരട്ടിപ്പിനും പണം നൽകിയില്ല. പുതിയ ട്രെയിനുകളും കിട്ടിയില്ല. എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം ഏറ്റെടുത്തിട്ട് പത്ത് വർഷമായി.
രാഷ്ട്രീയ പോരിൽ ആവശ്യങ്ങൾ നഷ്ടമാകുന്നത് അവസാനിപ്പിക്കാൻ അനുരഞ്ജനത്തിന്റേയും പ്രതിപക്ഷത്തെ ചേർത്തുനിറുത്തിയുള്ള സമ്മർദ്ദത്തിന്റേയും സമീപനമാണ് സർക്കാരിന്. അത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ ആവശ്യങ്ങൾ
24,000 കോടി രൂപയുടെ പാക്കേജ്
ധനകാര്യകമ്മിഷൻ നയംമാറ്റത്തിൽ വർഷം നഷ്ടമാകുന്ന 15,000കോടി
ദേശീയപാത വികസനത്തിന് 6000കോടി വായ്പ
വായ്പാപരിധി ഒരുശതമാനം ഉയർത്തണം
വിഴിഞ്ഞം വികസനത്തിന് 5000 കോടി
കേന്ദ്രപദ്ധതികൾക്ക് ചെലവാക്കിയ 3686 കോടി നൽകണം.
കെ.റെയിലിന് അനുമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |