ആലത്തൂർ: തരൂർ ഗായത്രിപ്പുഴയിൽ മീൻ പിടിക്കാൻ പോയ വിദ്യാർത്ഥിയെ ഒഴുക്കിൽ പെട്ട് കാണാതായി. ചിറ്റൂർ കുറ്റിപ്പള്ളം നരണിയിൽ ശശി-പ്രീജ ദമ്പതികളുടെ മകൻ സിപിലിനെയാണ്(18) കാണാതായത്.
ഇന്നലെ രാവിലെ 10.30 ഓടെ ഗായത്രിപ്പുഴ അരിയശ്ശേരി തമ്പ്രാൻകെട്ടിയ കല്ല് ഭാഗത്താണ് നാലംഗ സംഘം മീൻ പിടിക്കാനെത്തിയത്. സുഹൃത്ത് അഭിജിത്തിനൊപ്പം കാൽ കഴുകി കയറുന്നതിനിടെ സിപിൽ കാൽ വഴുതി പിന്നിലേക്ക് മറിയുകയായിരുന്നു. സിപിലിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഭിജിത്തും പുഴയിൽ വീണു. ഒപ്പമുണ്ടായിരുന്ന അശ്വിൻ ഇരുവരേയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അഭിജിത്തിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. ഇതിനിടെ സിപിൽ മുങ്ങിത്താണു. മറ്റൊരു സുഹൃത്ത് സജിത്താണ് അറിയിച്ചതനുസരിച്ച് ആലത്തൂർ ഫയർഫോഴ്‌സ് എത്തി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉച്ചയോടെ തെരച്ചിൽ നിർത്തി. പാലക്കാട് നിന്നെത്തിയ സ്‌കൂബാ ടീം വൈകുന്നേരം ആറു മണി വരെ അരിയശ്ശേരി മുതൽ കുരുത്തിക്കോട് വരെ തെരഞ്ഞതിലും ഫലമുണ്ടായില്ല. ആറ് മണിയോടെ ദേശീയ ദുരന്ത നിവാരണ സേനയെത്തി പുനരാരംഭിച്ച തെരച്ചിൽ രാത്രി എട്ട് മണിയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറിന് പുനരാരംഭിക്കും. ആലത്തൂലിലെ സ്വകാര്യ ഐ.ടി.സിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് സിപിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |