തിരുവനന്തപുരം: ബി.ജെ.പിക്ക് ഒരു എം.പി സമ്മാനിച്ചതല്ലേ;കാര്യമായി എന്തെങ്കിലും കിട്ടുമെന്ന് കരുതി കേരളം ഏറെ ചോദിച്ചെങ്കിലും ബഡ്ജറ്റിൽ കേന്ദ്രസർക്കാർ ഒന്നും പ്രഖ്യാപിച്ചില്ല.കേരളത്തെ കുറിച്ച് ഒന്നുംമിണ്ടാതെയുള്ള കേന്ദ്രബഡ്ജറ്റാണിത്. മുഖ്യമന്ത്രി മുതൽ പ്രതിപക്ഷ നേതാവ് വരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബി.ജെ.പി.നേതാക്കൾക്ക് എടുത്തുപറയാൻ ഒന്നുമില്ലാത്ത അവസ്ഥയായി. എയിംസ് എന്തായാലും കൊണ്ടുവരുമെന്ന ആശ്വാസവാക്കുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രംഗത്ത് എത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനം പ്രതീക്ഷയോടെയാണ് 24000കോടിയുടെ പ്രത്യേക പാക്കേജ് ചോദിച്ചത്. കുറച്ചെങ്കിലും ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.യാതൊരുവിധ സാമ്പത്തികപാക്കേജും കേരളത്തിനായി പ്രഖ്യാപിച്ചില്ല. അതേസമയം ബീഹാർ,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രത്യേകപാക്കേജുണ്ട് .പൂർവോദയപദ്ധതിയിൽ ജാർഖണ്ഡ്, പശ്ചിമബംഗാൾ,ഒഡീഷ സംസ്ഥാനങ്ങൾക്കും സാമ്പത്തികസഹായമുണ്ട് . പ്രളയക്കെടുതി മുൻനിർത്തി അസാം,ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,സിക്കിം സംസ്ഥാനങ്ങൾക്കും പ്രത്യേക സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തുടർച്ചയായി പ്രളയക്കെടുതി നേരിടുന്ന കേരളത്തെ തഴഞ്ഞു.
കേരളത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും നടത്തിയില്ല. നിലമ്പൂർ-നഞ്ചൻകോട്,അങ്കമാലി-ശബരി,തലശേരി-മൈസൂരു,വിഴിഞ്ഞം തുരങ്കപ്പാത എന്നിവ കേരളം പ്രതീക്ഷിച്ചിരുന്നു.റബറിന് താങ്ങുവില,കൊച്ചി മെട്രോ വികസനം,വിഴിഞ്ഞം തുറമുഖം,ശബരിമല വിമാനത്താവളം, കോഴിക്കോട് -വയനാട് തുരങ്കപാത,സിൽവർലൈൻ,ദേശീയപാതാ വികസനം എന്നിവയിലെല്ലാം കേരളത്തിന് നിരാശയാണ് . കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശികയായി 3686 കോടിയെങ്കിലും ലഭ്യമാക്കണമെന്നും പാക്കേജില്ലെങ്കിൽ ദേശീയപാതയ്ക്ക് സ്ഥലമെടുക്കാൻ നൽകിയ 6000കോടിയുടെ പേരിൽ അത്രയും തുക കടമെടുക്കാനെങ്കിലും അനുവദിക്കണമെന്നും കേരളം അഭ്യർത്ഥിച്ചിരുന്നു. പക്ഷേ, ഗൗനിച്ചില്ല. ജി.എസ്.ടി. പരിഷ്‌കരണം സംബന്ധിച്ചും പ്രഖ്യാപനമില്ലാത്തത് സംസ്ഥാന സർക്കാരിനെ കൂടുതൽ നിരാശയിലാക്കി. ടൂറിസം രംഗത്തും ഒന്നും തന്നെയില്ല. ശബരിമല,ഗുരുവായൂർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള തീർത്ഥാടന ടൂറിസം വികസനം. നാഗപട്ടണം മുതൽ തൃശൂർ വരെ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ട് എന്നീ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അതേസമയം, ഗയ,ബോധ്ഗയ ക്ഷേത്രങ്ങളുടെ നവീകരണത്തിനും ബീഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴിയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |