കൊച്ചി: പതിനായിരക്കണത്തിന് മലയാളികളാണ് ബംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരുള്‍പ്പെടെയുള്ള നിരവധി ടെക്കികള്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യമാണ് കൊച്ചിയില്‍ ഒരുങ്ങുന്നത്. കൊച്ചിയിലെ സ്മാര്‍ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പണികഴിപ്പിക്കുന്ന ഐടി ടവറാണ് കേരളത്തിന്റേയും കൊച്ചിയുടേയും സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇരട്ട ടവര്‍ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. ഇനി മിനുക്ക്പണികള്‍ മാത്രമാണ് ബാക്കിയുള്ളത്.
1500 കോടി രൂപ മുതല്‍മുടക്കില്‍ പണിയുന്ന ഐടി ടവറിന് കേരളത്തിലെ ഐടി രംഗത്തിന്റെ പുത്തന്‍ സാദ്ധ്യതകളിലേക്ക് വഴിതുറക്കാന്‍ കഴിയും. 150 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. അധികം വൈകാതെ തന്നെ ഐടി കമ്പനികളുമായി കരാറിലെത്താന്‍ കഴിയുകയും ചെയ്യും. വിവിധ കമ്പനികളുമായി കരാറിലെത്തുന്ന മുറയ്ക്ക് ബാക്കിയുള്ള നിര്‍മാണം അവരുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും പൂര്‍ത്തിയാക്കുക.
ഐടി ടവറിന് 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും ലീസിന് നല്‍കുക. മൂന്ന് ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇതിലെ 3000 കാറുകള്‍ക്ക് റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. നവംബര്‍ മാസത്തോടെ ലുലു ഇന്‍ഫ്രാ ബില്‍ഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച കെട്ടിടത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഐടി ടവറുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനമെന്ന പദവികൂടിയാണ് കൊച്ചി ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |