വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രി എൻ.ടി.രാമരാവുവിന്റെ മകളുമായ നര ഭുവനേശ്വരി സജീവരാഷ്ട്രീയത്തിലേക്ക്. വനിതകളും സമൂഹത്തിലെ അവശ വിഭാഗങ്ങളുമായും നേരിട്ട് സംവദിക്കുന്ന പരിപാടികളിലൂടെ ജനങ്ങളുടെ മനസിൽ ഇടംനേടി ചുവടുറപ്പിക്കാണ് നീക്കം. ആദ്യഘട്ടമായി ഇന്നലെ കുപ്പം നിയോജ മണ്ഡലത്തിൽ നാലുദിവസത്തെ ജന സമ്പർക്ക പരിപാടി ആരംഭിച്ചു.
ടി.ഡി.പിയിൽ പ്രധാന പദവി നൽകിയേക്കും. രാജ്യസഭാ സീറ്റ് ഒഴിവുവരുന്ന മുറയ്ക്ക് ഭുവനേശ്വരിയെ പരിഗണിക്കുമെന്നും സൂചനയുണ്ട്.
നായിഡു തുടർച്ചയായി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കുപ്പം. ഇവിടെ രണ്ടു ഗ്രാമങ്ങൾ പ്രദേശിക വികസന പദ്ധതിയുടെ ഭാഗമായി ഭുവനേശ്വരി ഏറ്രെടുക്കും.
ഇന്നലെ മണ്ഡലത്തിലെ സ്ത്രീകളുമായി സംവദിച്ച് ആശങ്കകൾ കേട്ടു. അവർക്കായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. പിന്നീട് പ്രദേശവാസികൾക്കായി നൈപുണ്യ വികസന കേന്ദ്രം കുപ്പത്ത് ഉദ്ഘാടനം ചെയ്തു.
കുപ്പം പ്രദേശത്തെ ജനപ്രതിനിധികളും ടി.ഡി.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഭുവനേശ്വരി എൻ. കോട്ടപ്പള്ളി, നദിമുരു, ഊർലോബനപ്പള്ളി, ഗുഡ്ലനായനിപ്പള്ളി എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങൾ സന്ദർശിക്കും. സോമപുരം, കർളഗട്ട, രാമകുപ്പം മണ്ഡലങ്ങളിലും സമീപ ദിവസങ്ങളിലെത്തും.
26 ന് ശിവപുരത്ത് ഭവന നിർമ്മാണപദ്ധതിയുടെ പുരോഗതി വിലയിരുത്തും. അവിടേയും തയ്യൽ മെഷീൻ വിതരണം ഉണ്ട്.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഭുവനേശ്വരി. ആന്ധ്രാപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചന്ദ്രബാബുവിനെ 2023 സെപ്തംബർ 9ന് അറസ്റ്റ് ചെയ്ത് ജയിയിൽ അയച്ചതിനെ തുടർന്നാണ് ഭുവനേശ്വരി രാഷട്രീയ യോഗങ്ങൾക്ക് എത്തിയത്. നായിഡു 53 ദിവസം രാജമുണ്ട്രി സെൻട്രൽ ജയിലിൽ കഴിഞ്ഞ നാളുകളിൽ വൈ.എസ്.ആർ.സി.പിക്കെതിരെ പ്രചരണവുമായി ഭുവനേശ്വരി രംഗത്തിറങ്ങിയിരുന്നു.മംഗളഗിരി മണ്ഡലത്തിൽ നിന്നും വിജയിച്ച മകൻ നര ലോകേഷ് ഇപ്പോൾ മന്ത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |