തിരുവനന്തപുരം: വിജ്ഞാപനം ചെയ്ത വനഭൂമിയല്ലാതെ കർഷകരുടെ ഒരിഞ്ച് ഭൂമിയും ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 2023ലെ വന സംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം, കർഷക വിരുദ്ധ തീരുമാനങ്ങൾ എടുക്കില്ലെന്നും വനംഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ മന്ത്രി പറഞ്ഞു.
പട്ടയം ലഭിച്ച ഭൂമി, പട്ടയം നല്കാനുള്ള ഭൂമി, ഏലംകൃഷി ഭൂമി, തദ്ദേശ സ്ഥാപനങ്ങളുടെ രജിസ്റ്ററിൽ റോഡായും അടിസ്ഥാന സൗകര്യങ്ങളായും 1996നു മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഭൂമി എന്നിവ വനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇടുക്കി പോലുള്ള മേഖലകളിൽ കർഷകർ മരം നട്ടതും ഏലം കൃഷിക്ക് വേണ്ടതുമായ പ്രദേശങ്ങളും വനമായി ചിത്രീകരിക്കരുതെന്നും ആവശ്യപ്പെട്ടു.
മന്ത്രി റോഷി അഗസ്റ്റിൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവരാണ് ചർച്ച നടത്തിയത്.
ചർച്ചകൾക്കായി നിയോഗിച്ചിട്ടുള്ള സമിതി തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ,കൃഷി ഡയറക്ടർ,ലേബർ കമ്മിഷണർ, ലാൻഡ് ബോർഡ് കമ്മിഷണർ,ഫോറസ്ററ് കൺസേർവേറ്റർ എന്നിവരെ കൂടി ചേർത്ത് വിപുലീകരിച്ചെന്നും അതത് ജില്ലാ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ആഗസ്റ്റ് 2ന് ഉന്നത യോഗത്തിൽ അനുകൂല തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |