ചില ജീവിത അനുഭവങ്ങള്‍ നാടോടിക്കഥകളേക്കാള്‍ മനോഹരമായിരിക്കും. കഷ്ടപ്പെട്ട് അധ്വാനിച്ചുള്ള ജീവിതം മുന്നോട്ട് നയിക്കുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരു നല്ലകാലം വരും എന്ന പ്രതീക്ഷ തന്നെയാണ് നമ്മളെയൊക്കെ മുന്നോട്ട് നയിക്കുന്നതും. ഒടുവില്‍ വിജയതീരത്ത് എത്തുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും നേരിട്ട് അനുഭവിച്ച് അറിയേണ്ട ഒന്ന് തന്നെയാണ്. അത്തരത്തിലൊരു മകന്റേയും അച്ഛന്റേയും കഥയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റേത്.
50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏതാനും സീസണുകള്‍ മുമ്പ് ഉത്തര്‍പ്രദേശ് താരത്തെ ടീമിലെത്തിച്ചത്. റിങ്കു അഞ്ച് സിക്‌സറുകളടിച്ച ബൗളര്‍ യാഷ് ദയാലിന് കോടികള്‍ വില കിട്ടിയപ്പോഴും റിങ്കുവിന്റെ ഒരു സീസണിലെ ശമ്പളം 50 ലക്ഷം ആയിരുന്നു. ചെറിയ തുകയല്ലെങ്കിലും റിങ്കുവിനോളം താരമൂല്യമുള്ള ഒരു താരത്തിന് അത്രയും കിട്ടിയാല്‍ അത് പണക്കൊഴുപ്പിന്റെ ഐപിഎല്ലില്‍ ചെറിയ തുക തന്നെയാണ്.
ഈ വര്‍ഷം മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപ നല്‍കിയാണ് വെടിക്കെട്ട് ബാറ്ററെ നിലവിലെ ചാമ്പ്യന്‍മാര്‍ നിലനിര്‍ത്തിയിരിക്കുന്നത്. കോടികള്‍ നല്‍കി നിലനിര്‍ത്തിയതിന് പിന്നാലെ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ് റിങ്കു സിംഗ്. ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ഗോള്‍ഡന്‍ എസ്‌റ്റേറ്റിലെ 3.5 കോടി രൂപ വിലവരുന്ന എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു ബംഗ്ലാവാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
പിതാവ് ജോലി ചെയ്തിരുന്ന നഗരത്തിലാണ് താരം വീട് സ്വന്തമാക്കിയത് എന്നതാണ് മറ്റൊരു കൗതുകം. ഈ നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കുവിന്റെ പിതാവ് ഖന്‍ചന്ദ് സിങിന്റേത്. അലിഗഢിലെ കടകളില്‍ ഖന്‍ചന്ദ് സിലിണ്ടര്‍ വിതരണം ചെയുന്ന വീഡിയോ ഇതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കപ്പ് നേടിക്കൊടുത്ത നായകന്‍ ശ്രേയസ് അയ്യറെ പോലും നിലനിര്‍ത്താതെയാണ് റിങ്കുവിനെ കെകെആര്‍ നിലനിര്‍ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |