മുംബയ്: ദിവസങ്ങളായി കനത്തമഴ തുടരുന്ന മഹാരാഷ്ട്രയിൽ ജനജീവിതം ദുരിതത്തിൽ. മുംബയ്ക്ക് പുറമെ പൂനെ, താനെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടമുണ്ടായി. മിക്കയിടത്തും വെള്ളം കയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പൂനെയിൽ മൂന്നുപേർ വൈദ്യുതാഘാതമേറ്റും രണ്ട് പേർ മുങ്ങിയും മരിച്ചു.
മുംബയിലും പൂനെയിലും വിമാന, ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സയൺ, അന്ധേരി, ചെമ്പൂർ തുടങ്ങി പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തി. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ടാണ്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയായതിനാൽ വിമാന സർവീസുകൾ വൈകുമെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസിന്റെ സമയക്രമം പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകി. സ്‌പൈസ് ജെറ്റ് എയർലൈൻസും സമാനമായ മുന്നറിയിപ്പ് നൽകി. ചില സർവീസുകൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു. തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പെടെ അടച്ചതായി കലക്ടർ അറിയിച്ചു.
കുളുവിൽ മിന്നൽ പ്രളയം
മേഘവിസ്ഫോടനത്തെത്തുടർന്ന് ഹിമാചൽ പ്രദേശിലെ കുളുവിൽ മിന്നൽ പ്രളയം. ലേ- മണാലി ദേശീയപാത-3 ൽ ഗതാഗതം തടസപ്പെട്ടു. റോഡ് അടച്ചിട്ടിരിക്കുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ കാറ്റുമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഗുജറാത്തിൽ കഴിഞ്ഞ ദിവസം 8 പേർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 61 ആയി. സൂററ്റിൽ ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |