അടിമാലി: യുവാവിനെ കാറിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ മേപുതുശേരി വീട്ടിൽ സുമേഷ് സോമനെ (38) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന സുമേഷ് ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു. ജോലി കഴിഞ്ഞ് ഉപ്പാറിലേക്കുള്ള വീട്ടിലേയ്ക്ക് വരും വഴി ഇന്നലെ രാത്രി 11ന് കല്ലാർകുട്ടി പുതിയ പാലത്തിന് സമീപമായിരുന്നു സംഭവം. നാലംഗ സംഘം കാർ തടഞ്ഞുനിർത്തിയ ശേഷം കൈകൾ സ്റ്റിയറിംഗിനോടും കഴുത്ത് ഹെഡ് റെസ്റ്റിനോടും ചേർത്ത് ബന്ധിച്ചു. കൈയിലും കഴുത്തിലും മുറിവേൽപ്പിച്ച ശേഷം സുമേഷിന്റെ രണ്ട് മൊബൈൽ ഫോണുകളും കവർന്നാണ് നാൽവർ സംഘം മടങ്ങിയത്. ബോധരഹിതനായി പുലർച്ചെ വരെ കിടന്ന സുമേഷിനെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ അടിമാലി പൊലീസിൽ വിവരം അറയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇൻഫോ പാർക്കിലെ ജീവനക്കാരിയും നാട്ടുകാരിയുമായ യുവതിയും സുമേഷും തമ്മിൽ ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. മൂന്നു വർഷം ഒന്നിച്ച് താമസിച്ച ഇവർ പിന്നീട് പിരിഞ്ഞു. പിന്നാലെ സുമേഷ് സാമൂഹിക മാദ്ധ്യമം വഴി അപമാനിച്ചു എന്നു കാണിച്ച് യുവതി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. താൻ താമസിക്കുന്നത് രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും അതിനാൽ പരാതിയിലെ അന്വേഷണം ഇവിടേയ്ക്ക് മാറ്റാണമെന്നും സുമേഷ് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സുമേഷിന് പരിക്കേറ്റിട്ടുള്ളത്. ഒപ്പം താമസിച്ചിരുന്ന യുവതി നൽകിയ കൊട്ടേഷൻ ഏറ്റെടുത്ത സംഘമാണോ സുമേഷിനെ ആക്രമിച്ചതെന്നടക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |