മൂവാറ്റുപുഴ: ജനങ്ങളെ മുഴുവൻ ഭീതിയിലാക്കി പായിപ്ര- മാനാറി പ്രദേശമാകെ പ്ലെവുഡ് മാഫിയ പിടിമുറുക്കുന്നു. എണ്ണിയാലൊടുങ്ങാത്ത വിധം പ്ലൈവുഡ് കമ്പനികളാണ് പായിപ്ര പഞ്ചായത്തിലെ 1, 2, 3, 13,22 വാർഡുകളിൽ ഉള്ളത്.
ജീവിതകാലം മുഴുവൻ രോഗിയായിരുന്നാലും ജനിക്കുന്ന കുട്ടികൾ അംഗവൈകല്യമുള്ളവരായാലും വിഷവായു ശ്വസിച്ചും വിഷമയമായ കിണർവെള്ളം കുടിച്ചും ആളുകൾ മരിച്ചു വീണാലും വേണ്ടില്ല പ്രദേശം മുഴുവൻ പ്ലൈവുഡ് കമ്പനികൾ നിറക്കുകയെന്ന ലക്ഷ്യവുമായി നടക്കുകയാണ് ചിലർ. വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികാരികൾ,പൊല്യൂഷൻ ബോർഡ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയവർ ജനങ്ങളുടെ പരാതികൾക്കും പരിദേവനങ്ങൾക്കും പുല്ലുവില പോലും കല്പിക്കുന്നില്ല.
ഒടുവിൽ പായിപ്ര സൊസൈറ്റിപ്പടിക്കും ഏനാലിക്കുന്ന് മൂങ്ങാച്ചാൽ റോഡിനും ഇടയിലുള്ള 15 ഏക്കർ സ്ഥലത്ത് പത്തിലധികം പ്ലൈവുഡ് കമ്പനികൾക്കായി സ്ഥലം വാങ്ങാൻ മാഫിയ തയ്യാറായിക്കഴിഞ്ഞു. പായിപ്ര മാനാറി പ്രദേശത്തെ ഹരിജൻ സെറ്റിൽമെന്റ് കോളനികളായിരുന്ന ഭീമൻ ചവുട്ടിപാറ, കിഴക്കനേടം, കാഞ്ഞിരക്കുഴി എന്നിവിടങ്ങളിലെ താമസക്കാരെ പ്ലൈവുഡ് മാഫിയ നാട്ടിൽ നിന്ന് ആട്ടിയോടിക്കുകയാണ്.
ഇതോടെ മൂങ്ങാച്ചാൽ ഹരിജൻ സെറ്റിൽമെന്റ് കോളനി വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഒപ്പം മറ്റ് പ്രദേശവാസികളും. മൂങ്ങാച്ചാൽ കോളനി നിവാസികൾ പ്ലൈവുഡ് മാഫിയയ്ക്കെതിരെ നാടെങ്ങും ഫ്ലക്സ് ബോർഡുകൾ വച്ചുകഴിഞ്ഞു. ഞങ്ങൾക്ക് ജീവിക്കണം, ശുദ്ധവായു ശ്വസിക്കണം, ശുദ്ധജലം കുടിക്കണം, ഞങ്ങളെ രോഗങ്ങൾക്ക് അടിമകളാക്കരുതെന്ന അപേക്ഷയാണ് ബോർഡിലുള്ളത്.
എത്രവലുതാണെങ്കിലും പ്ലൈവുഡ് മാഫിയയെ എതിർക്കുമെന്നും മരണം വരെ പോരാടുമെന്നും ഫ്ലക്സ് ബോർഡിൽ മുന്നറിയിപ്പുണ്ട്.
ജനങ്ങളുടെ സമാധാന ജീവിതത്തിന് പ്ലൈവുഡ് മാഫിയയ്ക്കെതിരെ ജനകീയ പ്രതിഷേധം ഉയരും.
മലയിൽ കരീം ( നൂജ്ജുമ്മ്)
എ.എൻ.പരീത്
പ്രദേശവാസികൾ
കുടിവെള്ള കിണറുകളും തോടുകളും വിഷമയമായിക്കഴിഞ്ഞു.
വെള്ളത്തിന് മുകളിൽ കറുത്ത നിറത്തിലുള്ള പാടയാണ് എങ്ങും.
പ്ലൈവുഡ് കമ്പനികൾ പുറന്തള്ളുന്ന വിഷവായു ശ്വസിച്ചുകൊണ്ട് വേണമെങ്കിൽ പായിപ്രയിൽ ജീവിക്കാമെന്നാണ് കമ്പനി ഉടമകളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ഭീഷണി. നിയമ നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് ഭരണസമിതിയാകട്ടെ ജനങ്ങളുടെ ദുരിതം കണ്ടതായി നടിക്കുന്നില്ല.
രായമംഗലം, അശമന്നൂർ , നെല്ലിക്കുഴി പഞ്ചായത്തുകളിൽ നിന്ന് ജനങ്ങൾ ആട്ടിയോടിച്ച പ്ലൈവുഡ് വ്യാപാരികളെ പായിപ്ര പഞ്ചായത്ത് സ്വീകരിച്ച് ഇടംകൊടുക്കുന്നു. എതിർപ്പുകൾ വകവയ്ക്കാതെ നിർലോഭം ലൈസൻസുകൾ നൽകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |