തിരുവനന്തപുരം: ജ്ഞാനത്തിലേയ്ക്കുള്ള യാത്ര വലിയ തപസാണെന്നും വ്യക്തികൾ മികവിനായി പരിശ്രമിക്കുമ്പോൾ രാജ്യം പുരോഗതിയിലേയ്ക്ക് കുതിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനും നിംസ് മെഡിസിറ്റിയും ചേർന്ന് നൽകുന്ന എ.പി.ജെ അബ്ദുൾ കലാം അവാർഡ് സി.എസ്.ഐ.ആർ ഡയറക്ടർ ജനറലും ഡി.എസ്.ഐ.ആർ സെക്രട്ടറിയുമായ ഡോ.എൻ കലൈസെൽവിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഭക്തിയും വിനയവും ആത്മാർത്ഥതയും സംയോജിപ്പിച്ചുളള പ്രവൃത്തികൾ ഫലം കാണും. സ്വപ്നത്തിന്റെ അഗ്നിച്ചിറകുകൾ നെയ്യാൻ യുവതയെ പഠിപ്പിച്ച മഹാനായിരുന്നു അബ്ദുൾകലാം. രാജ്യത്തിന് അതുല്യസംഭാവന ചെയ്തൊരു വനിതയ്ക്ക് പുരസ്കാരം നൽകാനായതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ വൈസ് ചാൻസലർ ഡോ.ടെസി തോമസ് പ്രഭാഷണം നടത്തി. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,സി.എസ്.ഐ.ആർ -എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി അനന്തരാമകൃഷ്ണൻ,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ പ്രോ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
വലിയ ഉത്തരവാദിത്വം: എൻ.കലൈസെൽവി
ജീവിതം രാജ്യത്തിനായി നീക്കിവയ്ക്കാനുള്ള ഉത്തരവാദിത്വമാണ് ഈ പുരസ്കാരമെന്ന് അവാർഡ് ഏറ്റുവാങ്ങിയശേഷം എൻ.കലൈസെൽവി പറഞ്ഞു. മിസൈൽമാന്റെ പേരിലുള്ള അവാർഡ് മിസൈൽ വനിതയായ ടെസി തോമസ് സന്നിഹിതയായ വേദിയിൽ വാങ്ങാനായത് ഭാഗ്യമാണ്. ഇന്ത്യ ലോകത്തെ നയിക്കുമെന്ന ആത്മവിശ്വാസം സമൂഹത്തിലേയ്ക്ക് പകർന്നത് എ.പി.ജെ അബ്ദുൾകലാമാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |