#മൽപെ മുങ്ങിത്തപ്പിയത് 9 തവണ
അങ്കോള( ഉത്തര കർണ്ണാടക): അർജുനുവേണ്ടിയുള്ള തിരച്ചിൽ ഗംഗാവലിയ പുഴയുടെ കുത്തൊഴുക്കു കാരണം പന്ത്രണ്ടാം ദിവസവും വിജയിച്ചില്ല. ഉഡുപ്പിയിലെ മൽപെ കടൽത്തീരത്ത് നിന്ന് നിന്നെത്തിയ നാട്ടിലെ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപെയും മത്സ്യത്തൊഴിലാളികളും പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയാണ് ഇന്നലെ തിരച്ചിൽ നടത്തിയത്.ജീവൻ പണയംവച്ചാണ് മൽപെ മുങ്ങിത്തപ്പിയത്. പാറകളും മരച്ചില്ലകളും ചെളിയിൽ പൂണ്ടുകിടക്കുന്നതാണ് കണ്ടത്. ഇതിനടിയിൽ ലോറി ഉണ്ടാകാമെന്നാണ് നിഗമനം. ഇന്നും തിരച്ചിൽ തുടരും.
മൂന്നാം വട്ടം മുങ്ങിയപ്പോൾ വടം പൊട്ടി ഒഴുക്കിൽപ്പെട്ട മൽപെയെ അമ്പതുമീറ്റർ അകലെവച്ച് നാവികസേന രക്ഷപ്പെടുത്തി.
നാവികസേനയുടെ സംരക്ഷണയിൽ മൊത്തം ഒൻപത് തവണ മൽപെ മുങ്ങിയെങ്കിലും ചെളിയിൽ മുന്നേറാനായില്ല.
കർണാടക സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്
ഇന്നലെ രാവിലെയാണ് മൽപെയും സംഘവും എത്തിയത്.
ഇവരാണ് ആദ്യമായി മൺകൂനയ്ക്ക് അടിയിൽ തപ്പാൻ പുഴയിൽ മുങ്ങിയത്.
തീരത്ത് നിന്ന് 132 മീറ്റർ അകലെയായിരുന്നു തെരച്ചിൽ. മൂന്ന് ബോട്ടുകളിലായി മൂന്ന് ഇടങ്ങളിൽ നാവിക സേനാസംഘം സുരക്ഷക്കായി പുഴയിൽ നിലയുറപ്പിച്ചിരുന്നു.
നാവികസേനയുടെ സ്കൂബ ഡൈവേഴ്‌സ് ദിവസങ്ങളായി ഗംഗാവലി പുഴയിൽ ഉണ്ടെങ്കിലും കുത്തൊഴുക്ക് കാരണം മുങ്ങിത്തപ്പാൻ കഴിഞ്ഞിരുന്നില്ല. പന്ത്രണ്ടാംദിവസത്തെ തിരച്ചിലിൽ മഴയും കാറ്റും മാറിനിന്നത് വലിയ ആശ്വാസം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |