തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ, രാഷ്ട്രപതി തള്ളിയ നാലെണ്ണം ഒഴികെ രണ്ടെണ്ണം മാത്രമാണ് ഇനി തീർപ്പാവാനുള്ളത്. 2021ലെ വാഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ഒന്നാം ബില്ലും (രണ്ടാംബില്ലിന് അംഗീകാരം നിഷേധിച്ചു), 2022ലെ ഗവർണറുടെ ചാൻസലർ സ്ഥാനം ഒഴിവാക്കാനുള്ള രണ്ടാംബില്ലും
(മൂന്നാം ബില്ലിന് അംഗീകാരം നിഷേധിച്ചു). ഇവ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കയാണ്. കഴിഞ്ഞ നിയമസഭ പാസാക്കിയ, ബാങ്കുകളുടെ ജപ്തിയിൽ സർക്കാരിന് ഇടപെടാനുള്ള ഭേദഗതി ബില്ലിൽ ഗവർണർ കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു.
ഏഴ് ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതിൽ ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് അനുമതി നൽകിയത്. നാലെണ്ണത്തിന് അനുമതി നിഷേധിച്ചു. രണ്ട് ബില്ലുകളിൽ തീരുമാനമായിട്ടില്ല.
ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന സർക്കാർ കോടതിയിൽ ചോദ്യം ചെയ്തിരിക്കെയാണ് അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ഒപ്പിട്ടത്. ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്കയച്ചതും രാഷ്‌ട്രപതി തടഞ്ഞുവച്ചതും ചോദ്യംചെയ്യുന്ന കേരളത്തിന്റെ ഹർജിയിൽ ഗവർണർക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതിനെതിരെ ഒരു സംസ്ഥാനത്തിന്റെ നിയമനടപടി ആദ്യമാണ്.
ഗവർണറുടെ ചാൻസലർ പദവി ഒഴിവാക്കൽ, വി. സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരണം, ഗവർണറെ ഒഴിവാക്കി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കൽ, മിൽമയുടെ ഭരണം പിടിക്കാൻ നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം എന്നീ 4 ബില്ലുകൾക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |