ആലപ്പുഴ : ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ തൊഴിലാളികൾക്ക് നൽകിയ പരിശീലനം വിജയം കണ്ടു. പുത്തൻ ഡിസൈനുകളിൽ കയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി തിരഞ്ഞെടുത്ത തൊഴിലാളികൾക്കുള്ള പരിശീലനത്തിന്റെ മൂന്നാം ബാച്ച് ആരംഭിച്ചു. രണ്ട് ബാച്ചിൽ പരിശീലനം പൂർത്തീകരിച്ച തൊഴിലാളികൾ നിർമ്മിച്ച കയർ ഉത്പന്നങ്ങൾക്ക് കാൽക്കോടി രൂപയുടെ വിദേശ ഓർഡർ ലഭിച്ചു. റോപ്പ്മാറ്റ്, എൽ.കെ. ആർ, മെക്സ്മാറ്റ് എന്നീ ഇനങ്ങൾക്കാണ് ഓർഡർ . വാൾമാർട്ടുമായി ഉത്പന്ന വിപണനത്തിന് കരാറിൽ ഏർപ്പെടുവാൻ
സാധിച്ചത് നാഴികക്കല്ലാണ്.
വാൾമാർട്ടിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കയർ കോർപ്പറേഷന്റെ ഗുണനിലവാരമുള്ള കയറുത്പന്നങ്ങൾ സെപ്തംബറിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. ആഗസ്റ്റിൽ ആലപ്പുഴയിൽ നിന്നും ഉത്പന്നങ്ങൾ അമേരിക്കയിലെ വാൾമാർട്ട് വെയർഹൗസിലേയ്ക്ക് കയറ്റിഅയക്കാനാണ് തീരുമാനം.
പരിശീലനം
1. പരമ്പരാഗത ഉത്പന്നങ്ങളായ ഫൈബർ മാറ്റ്, ബി.സി ഒന്ന്, ബി.സി 20 എന്നീ ഉത്പന്നങ്ങളുടെ ഓർഡർക്ഷാമം മറികടക്കാൻ കയർമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കയർ കോർപ്പറേഷൻ വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനുമായി ചേർന്നാണ് പരിശീലനം
2. 50 തൊഴിലാളികൾ അടങ്ങുന്ന ഒരു ബാച്ചിന് മൂന്ന് മാസമാണ് പരിശീലനം. ആദ്യ രണ്ട് ബാച്ച് പരിശീലനം പൂർത്തീകരിച്ചു. മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം തുടങ്ങി. പല ഘട്ടമായി 500 തൊഴിലാളികൾക്കാണ് പരിശീലനം നൽകുന്നത്
3.പരിശീലനം പൂർത്തീകരിക്കുന്നവർക്ക് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകും. ഉത്പന്നങ്ങൾ കയർ കോർപ്പറേഷൻ സംഭരിച്ച് വിപണനം നടത്തുന്ന രീതിയിലുള്ള ബൃഹത് പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്
4.ഉത്പന്നങ്ങളുടെ ഡിസൈനും കയറും മറ്റ് അനുബന്ധ നിർമ്മാണ വസ്തുക്കളും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന എല്ലാ സഹായവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ഭോപ്പാലിൽ നിന്ന് ലഭിക്കും. കയർ കോർപ്പറേഷന്റെ ട്രെയിനിംഗ് പ്രോഗ്രാമിന്റെ കരിക്കുലവുമായി ബന്ധപ്പെട്ടാണ് പരിശീലനം.
മാർക്കറ്റിൽ ആവശ്യമുള്ള ഉത്പന്നങ്ങൾ ഡിസൈൻ ചെയ്യുന്നതിന്റെയും നിർമ്മിക്കുന്നതിന്റെയും ഭാഗമായുള്ള പ്രവർത്തനങ്ങൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ചേർന്ന് നടപ്പിലാക്കുന്നുണ്ടെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |