തിരുവനന്തപുരം: കഴിഞ്ഞ ഏപ്രിലിൽ കാലാവധി പൂർത്തിയായ സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റും ബോർഡ് ഒഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കുന്നില്ലെന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതി നനൽകി. മുൻ എം.പി പി.കെ. ബിജു ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുകയാണ്. അതേസമയം, ജൂലായ് 15 ന് കാലാവധി പൂർത്തിയായ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കഴിഞ്ഞ ദിവസം സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. 2020 ഏപ്രിൽ രണ്ടിന് രൂപീകരിച്ച സാങ്കേതിക സർവകലാശാല ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്. യൂണിവേഴ്സിറ്റി നിയമ പ്രകാരം നാലുവർഷം കൂടുമ്പോൾ സിൻഡിക്കേറ്റ് പുനഃസംഘടിപ്പിക്കേണ്ടതാണ്. പി.കെ. ബിജു ഉൾപ്പെടെ ആറുപേരെ ഓർഡിനൻസ് പ്രകാരം 2021 ഫെബ്രുവരിയിൽ ബോർഡ് ഒഫ് ഗവർണേഴ്സ്, സിൻഡിക്കേറ്റ് അംഗങ്ങളായി നിയമിച്ചെങ്കിലും ഓർഡിനൻസിന് പകരം നിയമസഭ പാസ്സാക്കിയ ബില്ല് ഗവർണർ അംഗീകരിക്കാത്തതുകൊണ്ട് ഓർഡിനൻസ് നിലവിലില്ലാതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |