തിരുവനന്തപുരം:തലസ്ഥാനത്ത് അർദ്ധരാത്രി പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് സ്കൂൾ വാൻ മറിഞ്ഞ് നിരവധി കുട്ടികൾ മരിക്കാനിടയാക്കിയ അപകടം നടന്നതിന് തൊട്ടടുത്തായിരുന്നു ഇന്നലത്തെ അപകടവും. വെള്ളം കുറവായിരുന്നതിനാലാണ് പൊലീസുകാർ രക്ഷപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. പേട്ട പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നുപുലർച്ചെ രണ്ടരയോടെ ആറ്റുവരമ്പ് എന്ന സ്ഥലത്തായിരുന്നു അപകടം. പാർവതി പുത്തനാറിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ ലൈറ്റ് പൊലീസ് ഡ്രൈവറുടെ കണ്ണുകളിലടിക്കുകയും തുടർന്ന് ജീപ്പ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പാർശ്വഭിത്തി തകർത്തുകൊണ്ട് വലിയ ശബ്ദത്തോടെയാണ് വാഹനം ആറ്റിലേക്ക് പതിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. ഒരു എസ്ഐയും ഡ്രൈവറും മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർ ഉടൻതന്നെ കരയ്ക്കുകയറി. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റി.പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
2011 ഫെബ്രുവരി 17നാണ് സ്കൂൾ ബസ് പാർവതി പുത്തനാറിലേക്കു മറിഞ്ഞ് ആറു വിദ്യാർത്ഥികളും ആയയും മരിച്ചത്. ശ്വാസകോശത്തിൽ വെള്ളം കയറുകയും തലയ്ക്ക് ക്ഷതമേൽക്കുകയും ചെയ്തതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥി ഏഴുവർഷത്തിനുശേഷമാണ് മരിച്ചത്. തിരുവനന്തപുരം പേട്ട ലിറ്റിൽ ഫ്ലവർ കിന്റർഗാർട്ടനിലെ ബസായിരുന്നു അപകടത്തിൽപ്പെട്ടത്. ബസിന്റെ അമിതവേഗതയായിരുന്നു അപകടകാരണമെന്നായിരുന്നു അന്വേഷണത്തിൽ വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |