തിരുവനന്തപുരം: കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നയപരമായ കാര്യമാണെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ
'ഉദ്യോഗസ്ഥർ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചിട്ടുള്ള ജനറേറ്റർ എങ്ങനെയാണെന്ന് പഠിക്കാൻ പോയതാണ്. ആണവ നിലയത്തിലെ വൈദ്യുതി വാങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്തു എന്നതാണ് നമ്മളാകെ ചെയ്തത്. മറ്റേത് നയപരമായ കാര്യങ്ങളാണ്. വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിലേ എന്തെങ്കിലും തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. തൽക്കാലം, ആണവനിലയത്തേക്കാൾ തോറിയം ഉപയോഗിച്ചിട്ടുള്ള നിലയമാണ് ഉദ്ദേശിക്കുന്നത്.'- മന്ത്രി പറഞ്ഞു.
രാത്രി പീക്ക് സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പകൽസമയത്ത് നിരക്ക് കുറയ്ക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും നമുക്ക് വൈദ്യുതി വിഹിതം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ ഊർജവകുപ്പും കെ എസ് ഇ ബിയും ശ്രമം തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെ എസ് ഇ ബി ചെയർമാനും സംഘവും ജൂലായ് 15ന് മുംബയിൽ ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നുമൊക്കെയായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. അതിരപ്പിള്ളി, ചീമേനി അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളതെന്ന് കെ എസ് ഇ ബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞെന്നായിരുന്നു വാർത്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |