കോട്ടയം: കർശന നടപടിയെടുക്കുമെന്ന് പറയുമ്പോഴും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ തെരുവുകളിൽ വരെ പച്ചകുത്ത് (ടാറ്റൂയിംഗ്) വ്യാപകം. എയ്ഡ്സ് അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത പച്ചകുത്തൽ നഗരത്തിലെ തെരുവുകളിൽ ഞായറാഴ്ചകളിലും ജില്ലയിലെ ഉത്സവപ്പറമ്പുകളിലും പതിവ് കാഴ്ചയാണ്. അതേസമയം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോകൾക്കെതിരെയും നടപടിയില്ല.
ടാറ്റൂ ആർട്ടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കുമുള്ള ലൈസൻസും പരിശോധനയും നിർബന്ധമാക്കണമെന്ന് മൂന്ന് വർഷം മുമ്പ് തീരുമാനിച്ചിട്ടും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള ടാറ്റൂയിംഗ് തുടരുകയാണ്.
അതേസമയം ന്യൂജെൻ പിള്ളേരിൽ ഉൾപ്പെടെ ടാറ്റൂയിംഗ് (പച്ചകുത്തൽ) തരംഗമാണന്നുള്ളത്. വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഒരു സൂചി തന്നെ കൂടുതൽ പേരിൽ ഉപയോഗിക്കുന്നതാണ് എയ്ഡ്സ് ഉൾപ്പെടെയുള്ള രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് തെരുവിലെ 'ടാറ്റൂ ആർട്ടിസ്റ്റുകൾ'. തെരുവിന് പുറമേ ബാർബർഷോപ്പുകളിൽ വരെ ടാറ്റൂ ചെയ്ത് കൊടുക്കുന്നുണ്ട്.
പരിശോധന ഇല്ലേയില്ല...
ഹെൽത്ത് ഇൻസ്‌പെക്ടർ, ജില്ലാ കെമിക്കൽ അനലിറ്റിക്കൽ ലാബിലെ ഉദ്യോഗസ്ഥൻ, മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെട്ടെ സമിതിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തേണ്ടത്. ഇതുവരെ ഒരിടത്തും പരിശോധന നടന്നിട്ടില്ല.
ഇത്രയും ശ്രദ്ധിക്കണം
ടാറ്റൂവിംഗിനുള്ള ഉപകരണങ്ങൾക്കും മഷിക്കും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അംഗീകാരം
ഡിസ്‌പോസിബിൾ സൂചികളും ട്യൂബുകളും മാത്രം ഉപയോഗിക്കുന്നത് ഉറപ്പാക്കൽ
ടാറ്റൂ ചെയ്യുന്ന പരിസരം ഓപ്പറേഷൻ തിയേറ്റർ പോലെ വൃത്തിയുള്ളതാവണം
ഉപയോഗിച്ച വസ്തുക്കൾ ബയോമെഡിക്കൽ മാലിന്യസംസ്‌കരണ ചട്ടങ്ങൾ പാലിച്ച് നീക്കണം
ടാറ്റൂ ആർട്ടിസ്റ്റ് വൃത്തിയുള്ള കൈയുറകൾ ഉപയോഗിക്കണം
വളരെ കരുതലോടെ വേണം ടാറ്റൂ ചെയ്യാൻ. സൂക്ഷിച്ചില്ലെങ്കിൽ മാരകരോഗങ്ങൾക്ക് കാരണമാകും.
ആരോഗ്യ വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |