# ആംആദ്‌മിക്കെതിരെ പാർലമെന്റിൽ ആരോപണം
ന്യൂഡൽഹി: കോച്ചിംഗ് സെന്ററുകൾ നടത്തുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്നും നടപ്പാക്കിയെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ കടമയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. മലയാളി അടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ഡൽഹി സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ദുരന്തവുമായി ബന്ധപ്പെട്ട് പാർലമെന്റിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഡൽഹി ഭരിക്കുന്ന ആംആദ്‌മി പാർട്ടിക്കെതിരെ പാർലമെന്റിന്റെ ഇരുസഭയിലും ആരോപണം ഉയർന്നു. രാജ്യസഭയിൽ ഹ്രസ്വ ചർച്ചയും നടന്നു.
ലോക്‌സഭയിൽ കെ.സി. വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. ചില കോച്ചിംഗ് സെന്ററുകൾ മാഫിയപോലെ പ്രവർത്തിക്കുന്നു. പലതിനും അംഗീകാരമില്ല. വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ദുരന്തമുണ്ടായ കോച്ചിംഗ് കേന്ദ്രം അനധികൃതമായാണ് പ്രവർത്തിച്ചത്. കോച്ചിംഗ് കേന്ദ്രങ്ങൾക്കെതിരെ നടപടിവേണം. ഇതുസംബന്ധിച്ച് മാർഗനിർദ്ദേശങ്ങളുണ്ടോ എന്നും വേണുഗോപാൽ ചോദിച്ചു.
ജനുവരിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും സമഗ്രവും വിശദവുമായ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. രാജസ്ഥാൻ, ബീഹാർ, ഗോവ മുതലായവ സംസ്ഥാനങ്ങൾ സ്വന്തമായി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കി. സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.
കെട്ടിട നിയമങ്ങൾ, അഗ്നി സുരക്ഷ, വെള്ളപ്പൊക്ക സുരക്ഷ തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങളുടെ ലംഘനമാണ് ദുരന്തത്തിന് വഴിതെളിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ അഴുക്കു ചാലുകൾ വൃത്തിയാക്കുന്നത് അടക്കം നടപടികൾ വേഗത്തിലാക്കണമെന്ന് ദുഃഖാർത്തരായ കുടുംബത്തിന് വേണ്ടി അപേക്ഷിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു.
കോച്ചിംഗ് സെന്റുകൾ വിദ്യാർത്ഥികളുടെ അഭിലാഷത്തെ വാണിജ്യപരമായി ഉപയോഗപ്പെടുത്തുകയാണെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ ചൂണ്ടിക്കാട്ടി.
മൂന്ന് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിന് ആംആദ്‌മി സർക്കാരാണ് ഉത്തരവാദികളെന്ന് ന്യൂഡൽഹിയിൽ നിന്നുള്ള ബി.ജെ.പി അംഗം ബാൻസുരി സ്വരാജ് ലോക്‌സഭയിൽ ആരോപിച്ചു.
കോർപറേഷൻ മുൻപ് ഭരിച്ച ബി.ജെ.പിയുടെ അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചത് ആം ആദ്‌മി പാർട്ടി അംഗം സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |