ബംഗളുരു : സെൽഫി എടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് പരാതിയുമായി യുവാവ്. കർണാടകയിലെ യാദ്‌ഗിറിലാണ് സംഭവം. പുഴയിൽ നിന്ന് യുവാവിനെ നാട്ടുകാരാണ് രക്ഷിച്ച് കരയ്ക്കെത്തിച്ചത്. അപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്. അതേസമയം ആരോപണം യുവതി നിഷേധിച്ചിട്ടുണ്ട്.
യുവാവും ഭാര്യയും ഭാര്യവീട്ടിൽ നിന്ന് ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു സംഭവം. യാദ്ഗിറിലെ കൃഷ്ന നദിക്ക് കുറുകെയുള്ള ഗുർജാപുർ പാലത്തിൽ നിന്നാണ് യുവതി തള്ളിയിട്ടതെന്നാണ് ആരോപണം. പാലത്തിന് സമീപമെത്തിയപ്പോൾ ഫോട്ടോയെടുക്കാമെന്ന് പറഞ്ഞ് ഭാര്യയാണ് ബൈക്ക് നിറുത്തിച്ചതെന്ന് യുവാവ് പറയുന്നു. തുടർന്ന് പാലത്തിന്റെ അരികിലായി നിന്ന് സെൽഫിയെടുക്കാൻ നിർബന്ധിച്ചു. ഭാര്യയെ വിശ്വസിച്ച താൻ നദിക്ക് അഭിമുഖമായി നിന്നയുടൻ ഭാര്യ തന്നെ തള്ളിയിടുകയായിരുന്നു എന്ന് യുവാവ് ആരോപിച്ചു. ഒഴുക്കിൽപ്പെട്ട യുവാവ് നദിയിലെ ഒരു പാറയിൽ പിടിച്ചു നിന്നതാണ് രക്ഷയായത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ കയർ പറായിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ കരയിലേക്ക് കയറ്റുകയായിരുന്നു.
അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവാണ് ഭാര്യ തന്നെ തള്ളിയിടുകയായിരുന്നു എന്ന് വെളിപ്പെടുത്തിയത്. അതേസമയം ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. മൊഴിയെടുക്കാനായി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |