കൊച്ചി: ബുധനാഴ്ച സര്‍വീസ് ആരംഭിക്കാനിരിക്കുന്ന എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. എട്ട് റേക്കുകളുള്ള ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ടിക്കറ്റുകളുടെ ബുക്കിംഗ് പൂര്‍ത്തിയായി. ഞായറാഴ്ചത്തേക്കുള്ള ടിക്കറ്റുകളാണ് വിറ്റ് തീര്‍ന്നത്. അതേസമയം കൊച്ചിയില്‍ നിന്നുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. തിരിച്ച് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.
ആഴ്ചയില്‍ മൂന്ന് ദിവസം ഓടുന്ന സ്‌പെഷ്യല്‍ ട്രെയിനിന് 12 സര്‍വീസുകളാണ് ആകെ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍,വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ തിരിച്ചുമാണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10 മണിക്കാണ് ബംഗളൂരുവില്‍ എത്തുക. പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് കൊച്ചിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് മടക്കയാത്ര നിശ്ചയിച്ചിട്ടുള്ളത്.
കൊച്ചിയില്‍ നിന്നുള്ള എ.സി ചെയര്‍ കാറിലെ ടിക്കറ്റ് നിരക്ക് 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിലെ നിരക്ക് 2945 രൂപയുമാണ്. നിലവില്‍ എട്ട് റേക്കുകളുള്ള ട്രെയിനില്‍ ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഏഴ് ചെയര്‍ കാറുകളുമാണുള്ളത്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് എറണാകുളം - ബംഗളൂരു വന്ദേഭാരത് സര്‍വീസ് അനുവദിച്ചത്. നിലവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് സര്‍വീസ് നടത്തുന്നതെങ്കിലും ടിക്കറ്റ് ഡിമാന്‍ഡ് കാണുമ്പോള്‍ സ്ഥിരമാക്കേണ്ടിവരുമെന്നാണ് അഭിപ്രായമുയരുന്നത്.
സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആയി ഓടിയ ശേഷം ലാഭകരമെങ്കില്‍ സ്ഥിരമാക്കുന്നത് പരിഗണിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കേരളത്തിന് സ്ഥിരം വന്ദേഭാരത് ആയി മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നതിന് ഏറ്റവും അനുയോജ്യമായ റൂട്ടാണ് കൊച്ചി - ബംഗളൂരു. സ്വകാര്യ ബസ് ലോബികള്‍ ഉള്‍പ്പെടെ കഴുത്തറപ്പന്‍ നിരക്കാണ് ഈ റൂട്ടില്‍ ഉത്സവ സീസണുകളില്‍ ഉള്‍പ്പെടെ ഈടാക്കുന്നത്. രാജ്യത്ത് തന്നെ യാത്രക്കാരുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്ന റൂട്ട് കൂടിയാണ് കൊച്ചി - ബംഗളൂരു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |