കൽപ്പറ്റ: വയനാട്ടിലെ മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായിരുന്നു പുത്തുമല. തേയിലയുടെ പച്ചപ്പിനുള്ളിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികൾ. ശങ്കൊലിയും ബാങ്കൊലിയും മുഴങ്ങുന്ന മസ്ജിദും ക്ഷേത്രവും തൊട്ടുരുമ്മുന്ന പ്രദേശം. പുത്തുമലയുടെ ചരിത്രത്തിൽ രാഷ്ട്രീയ സംഘർഷങ്ങളോ മത തർക്കങ്ങളോ ഉണ്ടായിരുന്നില്ല.
എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ ഗ്രാമം ഒറ്റ ദിനം കൊണ്ടാണ് തുടച്ചുനീക്കപ്പെട്ടത്. 2019 ആഗസ്റ്റ് എട്ടിലെ കനത്തമഴയിൽ ഉറ്റവരെ ഉൾപ്പടെ വിലപ്പെട്ട എല്ലാം നഷ്ടമായി. അന്ന് ഉരുൾപൊട്ടലിൽ പതിനേഴ് പേർക്ക് ആണ് ജീവൻ നഷ്ടമായത്. വീടുകളും അമ്പലവും മസ്‌ജിദുമെല്ലാം ഒഴുകിപ്പോയി. അഞ്ച് പേർ ഇപ്പോഴും കാണാമറയത്താണ്.
മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടിൽ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്‌റ്റേറ്റിൽ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തിൽ നബീസ (74) എന്നിവർ എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. വരില്ലെന്ന് അറിയാമെങ്കിലും അഞ്ചുപേരുടെയും ഉറ്റമിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.
ദുരന്തം നടന്നിട്ട് അഞ്ചാണ്ട് തികയാൻ ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ. അപ്പോഴാണ് അതിലും വലിയൊരു ദുരന്തത്തിന് വയനാട് സാക്ഷിയാകുന്നത്. ഇതുവരെ പിഞ്ഞുകുഞ്ഞുങ്ങളുടേതുൾപ്പടെ നാൽപ്പതിലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിരവധി പേരെ കാണാതായി. വീടുകൾ ഒഴുകിപ്പോയി. ദുരന്തമുണ്ടായത് രാത്രിയായതിനാൽത്തന്നെ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. പ്രദേശത്ത് എങ്ങും ഹൃദയഭേദകമായ കാഴ്ചകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |