മുംബയ്: പ്രമുഖ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മകളും മുൻ എംപിയുമായ പൂനം മഹാജൻ കേന്ദ്ര, സംസ്ഥാന ആഭ്യന്തരമന്ത്രിമാർക്ക് കത്തെഴുതും. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിതാവിന്റെ മരത്തിലേക്ക് നയിച്ച വെടിവയ്പ്പിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടാവാമെന്നും അതു കണ്ടെത്തണമെന്നും പൂനം ആവശ്യപ്പെട്ടിരുന്നു.
2006ൽ സംഭവം നടക്കുമ്പോൾ, തന്റെ സംശയങ്ങൾ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും പൂനം അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലിരിക്കുന്നതിനാൽ സത്യം പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
രണ്ടുവർഷം മുമ്പ് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുമ്പോഴും പിതാവിന്റെ മരണത്തിൽ പൂനം സംശയം പ്രകടിപ്പിച്ചിരുന്നു. പുറത്തറിയുന്നതുപോലെ മരണത്തിന് പിന്നിൽ കുടുംബ വഴക്ക് മാത്രമല്ലെന്നും അതിനുപിന്നിൽ ഒരു സൂത്രധാരൻ ഉണ്ടെന്നുമാണ് പൂനം പറഞ്ഞത്. പിതാവിനെ കൊന്നത് ആരാണെന്നറിയാം. എന്നാൽ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ആരാണെന്ന് അധികാരത്തിൽ ഇരിക്കുന്നവർ കണ്ടെത്തിയില്ല. കേന്ദ്രം ഭരിച്ചിരുന്ന യുപിയെ സർക്കാരിനെയും മഹാരാഷ്ട്രയിൽ അധികാരത്തിലിരുന്ന ബിജെപി ഇതര സർക്കാരിനെയുമാണ് പൂനം ഉന്നം വയ്ക്കുന്നതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കുടുംബ പ്രശ്നങ്ങളിലുള്ള തർക്കത്തിനെത്തുടർന്ന് സഹോദരൻ പ്രവീൺ മഹാജന്റെ വെടിയേറ്റാണ് പ്രമോദ് മഹാജൻ കൊല്ലപ്പെട്ടത്. മുംബയിലെ വർളിയിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. നാലുതവണയാണ് പ്രവീൺ സഹോദരനുനേരെ വെടിവച്ചത്. തുടർന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ പ്രവീണിനെ 2007 ഒക്ടോബർ 30 ന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൊല്ലപ്പെടുമ്പോൾ ഇന്ത്യയിൽ ബിജെപിയുടെ എണ്ണംപറഞ്ഞ പ്രമുഖനേതാക്കളിൽ മുൻപന്തിയിലായിരുന്നു പ്രമോദ് മഹാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |