മുതലാക്കോടം: പുലർച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തിയ കള്ളൻ ആക്രമിച്ച് കഴുത്തിൽ കിടന്ന മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞു. മുതലക്കോടത്ത് ടി.ജെ. ബേക്കറി നടത്തുന്ന പെട്ടേനാട് തോട്ടുപുറത്ത് വർഗീസിന്റെ (കുട്ടി- 75) കഴുത്തിൽ കിടന്ന മൂന്ന് പവന്റെ മാലയാണ് നഷ്ടമായത്. ഇന്നലെ രാവിലെ 5.30ന് വർഗീസ് കട തുറക്കാനായി മുതലക്കോടത്തെ ബേക്കറിയിലെ വരുമ്പോഴായിരുന്നു സംഭവം. ബൈക്കിൽ പിന്നാലെയെത്തിയ കള്ളൻ വർഗീസിന്റെ കഴുത്തിൽ തോർത്തിട്ട് കുരുക്കിയ ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായ നീക്കത്തിൽ പകച്ചെങ്കിലും വർഗീസ് ചെറുത്തുനിന്നു. മൽപ്പിടുത്തതിനിടയിൽ കള്ളന്റെ ഷർട്ട് കീറി. ഇതോടെ കള്ളൻ കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വർഗീസിനെ ആക്രമിക്കാൻ തുനിഞ്ഞു. ഇതോടെ വർഗീസ് പിന്മാറി. ഇതോടെ സ്വർണ്ണമാലയുമായി കള്ളൻ കടന്നുകളയുകയായിരുന്നു. ഇതിന് ശേഷം മുതലക്കോടത്തെത്തിയ വർഗീസിനെ സമീപവാസിയായ ഷിബു പുത്തൻ പുരയ്ക്കലാണ് ആശുപത്രിയിൽ എത്തിച്ചത്. കള്ളന്റെ ആക്രമണത്തിൽ വർഗീസിന്റെ തലയ്ക്കും മുഖത്തും ദേഹത്തും പരിക്കേറ്റു. കള്ളൻ മുഖം മൂടി ധരിച്ചിരുന്നതിനാൽ മുഖം കാണാനായില്ലെന്നും വർഗീസ് പറഞ്ഞു. എന്നും പുലർച്ചെ ഈ സമയത്താണ് ഇയാൾ കട തുറക്കാൻ പോകുന്നത്. ഇത് മനസ്സിലാക്കിയത് കള്ളൻ എത്തിയതെന്ന് കരുതുന്നു. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി ടി.വി പലതും കൃത്യമായി പ്രവർത്തിക്കാത്തതിനാൽ കള്ളനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ എസ്.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |