ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പട്ടാപ്പകൽ വീടിന്റെ കതക് തകർത്ത് 25 പവനും ഒന്നരലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായ ചെങ്കൽചൂള സ്വദേശി അനിൽകുമാറിൽ (44) നിന്ന് തൊണ്ടിമുതലായ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ ശ്രീവരാഹത്തു നിന്ന് പിടികൂടുമ്പോൾ നഷ്ടപ്പെട്ട സ്വർണവും പണവും പൊലീസിന് കണ്ടെടുക്കാനായില്ല. റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുടെ ശരീരത്തിലൊളിപ്പിച്ച സ്വർണവും താമസിക്കുന്ന സ്ഥലങ്ങളിൽ കുഴിച്ചിട്ട ആഭരണങ്ങളുമാണ് പൊലീസ് കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അനിൽകുമാർ പൊലീസിന്റെ പിടിയിലാകുന്നത്. മോഷണദിവസം രാവിലെ 11 മണി കഴിഞ്ഞപ്പോൾ അനിൽകുമാർ മോഷണം നടന്ന പാലസ് റോഡിലെ ദിൽ വീട്ടിലേക്ക് പോകുന്നതും 12 മണി കഴിഞ്ഞ് തിരിച്ചിറങ്ങി റോഡിലെത്തി ഓട്ടോറിക്ഷയിൽ കയറിപോകുന്നതും വിവിധസ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐമാരായ സജിത്ത്.ജിഷ്ണു,ബിജു എ ഹക്ക്,എ.എസ്.ഐമാരായ ദീൻ,രാധാകൃഷ്ണൻ,എസ്.പി.സി.ഒമാരായ ശരത്ത്,നിധിൻ,പ്രശാന്ത് കുമാർ,ഷംനാദ് അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
50ൽ അധികം മോഷണങ്ങൾ
മോഷണ വിവരം അറിഞ്ഞ ഉടൻ ആറ്റിങ്ങൽ പൊലീസ് കാട്ടിയ ജാഗ്രതയാണ് പ്രതിയെ 48 മണിക്കൂറിനുള്ളിൽ പിടികൂടാൻ കാരണമായത്. ആദ്യ ദിവസം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്താനായി, അടുത്ത മണിക്കൂറിൽ പ്രതി പിടിയിലും. ഏറെ സങ്കീർണമായ മോഷണ കേസാണിതെന്ന് പൊലീസ് വിലയിരുത്തി.18-ാംമത്തെ വയസിൽ മോഷണം ആരംഭിച്ച അനിൽകുമാർ ഇതിനകം 50ൽ അധികം മോഷണങ്ങളിലായി ആയിരത്തോളം പവൻ കവർന്നിട്ടുണ്ട്. കിടപ്പ് വഴിയരികിലാണ്. മോഷണം പകൽ വെളിച്ചത്തിലും. തൊണ്ടി സാധനങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങളിൽ കുഴിച്ചിടുന്നതാണ് അനിൽകുമാറിന്റെ രീതി.ഗേറ്റ് പൂട്ടിയ വീടുകളാണെപ്പോഴും മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. തെളിവ് ലഭിക്കാതിരിക്കാൻ കൈയുറ, മാസ്ക് എന്നിവ കരുതും. എന്നാൽ ഇക്കുറി സി.സി.ടി.വി ചതിക്കുകയായിരുന്നു.
ചിത്രം- ആറ്റിങ്ങലിൽ മോഷണം നടത്തിയ പ്രതി അന്വേഷണ സംഘത്തിനൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |