മേപ്പാടി: വയനാട് ചൂരൽമലയിലെ ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവർ അതത് സ്ഥലങ്ങളിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ചൂരൽമലയിൽ സന്ദർശനം നടത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. സാഹചര്യത്തിനനുസരിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള നടപടികൾ സ്വീകരിക്കും. ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തുന്നതിന് സൈന്യവും എൻ.ഡി.ആർ.എഫും സന്നദ്ധ സേനകളും വിവിധ ഭാഗങ്ങളിലായി എത്തിക്കൊണ്ടിരിക്കുകയാണ്.
ഫയർഫോഴ്സിലെ 320 അംഗങ്ങളും കണ്ണൂർ ഡി.എസ്.സിയിലെ 67 സേനാംഗങ്ങളും മലബാർ സ്‌പെഷ്യൽ പൊലീസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ആളുകൾ കൂടുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്ത് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കാൻ കൂടുതൽ ഇൻഫ്ളാറ്റബിൾ ടവർ ലൈറ്റ് എത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഏകോപനമാണ് നടക്കുന്നത്. രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ എയർ ലിഫ്റ്റിംഗ് സംവിധാനം വിജയിച്ചില്ലെങ്കിലും വീണ്ടും ഇതിന്റെ സാദ്ധ്യത പരിശോധിക്കും. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ലാ കളക്ടർ ആർ.ഡി. മേഘശ്രീ, ജില്ല പൊലീസ് മേധാവി ടി. നാരായണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |