കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തിന് എല്ലാ സഹായവും ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുന്നതായും കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി പിണറായിവിജയനുമായി സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിൽ നിന്ന് സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് ഉടൻതന്നെ രക്ഷാ പ്രവർത്തനത്തിനായി വിവിധ സേനകളുടെ പ്രവർത്തനം സാദ്ധ്യമാക്കിയതായും ജോർജുകുര്യൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വവും ഏകോപനവും നൽകുകയാണ്. ദുരന്തമുണ്ടായി ഉടൻതന്നെ എൻഡിആർഎഫിന്റെ രണ്ടു ടീമുകൾ, ഇന്ത്യൻ ആർമിയുടെ രണ്ട് സംഘങ്ങൾ, എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്‌റ്ററുകൾ എന്നിവ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചതായി മന്ത്രി അറിയിച്ചു. എൻഡിആർഎഫിന്റെ മൂന്ന് അധിക ടീമുകൾ രക്ഷാപ്രവർത്തനത്തിനാവശ്യമുള്ള ഉപകരണങ്ങളുമായി, യാത്രയിലാണ്.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. മൂന്ന് ബെയ്‌ലി പാലങ്ങളുടെ നിർമ്മാണത്തിനായി മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് സംഘങ്ങൾ അവശ്യസാധന സാമഗ്രികളുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്.
ഒരു 110 അടി ബെയ്ലി പാലവും മൂന്ന് സെർച്ച് ആന്റ് റെസ്‌ക്യൂ ഡോഗുകളും ദൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് എഞ്ചിനീയറിംഗ് ടീമിന്റെ ഹെലികോ്ര്രപർ നിരീക്ഷണം നടത്തും. കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്നുള്ള രണ്ട് സംഘങ്ങളും ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവർത്തകരുടെ നീക്കത്തിന് സഹായിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സാമൂതിരിയെ വിന്യസിച്ചിട്ടുണ്ട്.
ആവശ്യാനുസരണം അധിക വിഭവങ്ങൾ കേന്ദ്ര സർക്കാർ അയയ്ക്കും. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ നിരീക്ഷിച്ചുവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കൺട്രോൾ റൂമുകളും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാന സർക്കാരിന് സാദ്ധ്യമായ എല്ലാ സഹായവും നൽകാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |