തിരുവനന്തപുരം: വിവിധ ജില്ലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി. മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കുകയും ചെയ്തു.
രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസ് രണ്ട് മണിക്കൂർ 15 മിനിട്ട് വൈകി 7.30നാണ് പുറപ്പെട്ടത്. കന്യാകുമാരി- മംഗളൂരു സെൻട്രൽ 16650 പരശുറാം എക്‌സ്‌പ്രസ് ഭാഗികമായി റദ്ദാക്കി. ഇന്ന് പുലർച്ചെ 3.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ കന്യാകുമാരി മുതൽ ഷൊർണ്ണൂർവരെയുള്ള സർവീസ് റദ്ദാക്കി. ഈ ട്രെയിൻ ഷൊർണ്ണൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
ഇന്നലെ കനത്ത മഴയെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിരുന്നു. ഗുരുവായൂർ - തൃശൂർ ഡെയ്‌ലി എക്സ്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ്, ഷൊർണൂർ - തൃശൂർ ഡെയ്‌ലി എക്സ്പ്രസ്, തൃശൂർ - ഷൊർണൂർ ഡെയ്‌ലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തിയത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |