ന്യൂഡൽഹി: വയനാട് ദുരന്തസ്ഥലത്തേയ്ക്ക് നടത്താനിരുന്ന സന്ദർശനം റദ്ദാക്കി വയനാട് മുൻ എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സന്ദർശനം മാറ്റിവയ്ക്കുന്നതായി രാഹുൽ തന്നെയാണ് അറിയിച്ചിരിക്കുന്നത്. രാഹുൽഗാന്ധി , പ്രിയങ്കാ ഗാന്ധി, കെ.സിവേണുഗോപാൽ എം.പി എന്നിവർ ഇന്ന് ദുരന്ത ഭൂമിയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
'ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെയിറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
എത്രയും വേഗം ഞങ്ങൾ സന്ദർശനം നടത്തുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ'- രാഹുൽ ഗാന്ധി ഇന്നലെ അർദ്ധരാത്രിയോടെ സമൂഹമാദ്ധ്യമത്തിൽ അറിയിച്ചു.
മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തം രാഹുൽ കഴിഞ്ഞദിവസം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ദുരന്തത്തിന്റെ തോത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അനേകം പേർ മരിച്ചെന്നും ശൂന്യവേളയിലാണ് അദ്ദേഹം പറഞ്ഞത്.
വ്യാപക നാശനഷ്ടമുണ്ടായി. കേന്ദ്ര സർക്കാർ സാദ്ധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ച് അടിയന്തരമായി വിതരണം ചെയ്യണം. പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ആശങ്കയുണ്ടാക്കുന്നതാണ്. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ നിർണയിച്ച് പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |