തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്ത ഭൂമിയാക്കിയ വയനാട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് നിന്ന് യാത്ര തിരിച്ചു. രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരന്ത ബാധിതർ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി നാളെ സന്ദർശനം നടത്തും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേർന്ന ശേഷമാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. നിലവിൽ രക്ഷാപ്രവർത്തനം വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ സംഘം ഏകോപിപ്പിക്കുന്നുണ്ട്. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപള്ളി, കെ. രാജൻ, മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവർ ചൊവ്വാഴ്ച മുതൽ വയനാട്ടിലുണ്ട്.
നാളെ വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ കക്ഷിയോഗവും ചേരുന്നുണ്ട്. കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10.30ന് എ.പി.ജെ ഹാളിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |